കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയ അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നാണ് മാർട്ടിന്റെ വാദം. ഇതിനിടെ, ദിലീപ് നൽകിയ വിവിധ കോടതിയലക്ഷ്യ പരാതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.(Actress assault case, Accused Martin's appeal in the High Court today)
അതിജീവിതയെ കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട ഡ്രൈവർ എന്ന നിലയിൽ മാത്രമാണ് താൻ വാഹനത്തിലുണ്ടായിരുന്നതെന്നും കുറ്റകൃത്യം നടന്ന സമയത്ത് താൻ കൂടെയുണ്ടായിരുന്നില്ലെന്നുമാണ് മാർട്ടിന്റെ അപ്പീൽ.
തനിക്ക് നടിയുമായി യാതൊരുവിധ മുൻവൈരാഗ്യവുമില്ല. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും പ്രതി വാദിക്കുന്നു. മാർട്ടിന് പുറമെ കേസിൽ ശിക്ഷിക്കപ്പെട്ട എച്ച്. സലീം, പ്രദീപ് എന്നിവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 20 വർഷം തടവിനാണ് ഇവരെയെല്ലാം വിചാരണ കോടതി ശിക്ഷിച്ചത്.