
ലാൽജോസ് സംവിധാനം ചെയ്ത 'നീലത്താമര' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി. വിവാഹ ജീവിതത്തെക്കുറിച്ചും ശേഷമുണ്ടായ ഡിവോഴ്സിനെക്കുറിച്ചും തുറന്നു സംസാരിച്ച താരമാണ് അർച്ചന. ഡിവോഴ്സിന് ശേഷം താൻ അനുഭവിച്ച ഡിപ്രഷനെക്കുറിച്ചും താരം മനസു തുറന്നിരുന്നു.
കുട്ടിക്കാലം മുതൽ സുഹൃത്തായ അബീഷ് മാത്യുവിനെയായിരുന്നു താരം വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് ആ ബന്ധം ഡിവോഴ്സിലേക്ക് നീങ്ങുകയായിരുന്നു. "എന്തോ കാരണം കൊണ്ട് ഒന്നിച്ചുള്ള ജീവിതം വർക്കൗട്ടായില്ല. എനിക്ക് കിട്ടിയത് നല്ലൊരു വിവാഹവും നല്ല ഡിവോഴ്സുമായിരുന്നു. അത് അഭിമാനത്തോടെയാണ് ഞാൻ പറയുന്നത്. പരസ്പരം പഴിചാരാനോ ചീത്ത പറയാനോ പോയിട്ടില്ല. അവൻ വേറെ കെട്ടിപോയി. നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ. അതിനിടെ എന്തിനാണ് അനാവശ്യമായ പ്രശ്നങ്ങൾ. സമയം എല്ലാം സുഖപ്പെടുത്തും. ഇനി ഒരു വിവാഹം വേണ്ട. ഡിപ്രഷൻ സ്റ്റേജിലായിരുന്നു ഞാൻ. അതിന് ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്' - എന്നാണ് താരം അന്ന് വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും പറഞ്ഞത്.
എന്നാലിപ്പോൾ അർച്ചന കവി വീണ്ടും വിവാഹിതയാകുന്നു എന്ന സൂചനകൾ ആണ് പുറത്തു വരുന്നത്. താരം പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ആണ് ഇതിന് കാരണം. താൻ ഒരു പങ്കാളിയെ കണ്ടെത്തിയെന്ന് സൂചന നൽകിക്കൊണ്ടുള്ള വാചകങ്ങളാണ് അർച്ചന സ്‌റ്റോറിയിൽ കുറിച്ചത്.
"ഈ ഏറ്റവും മോശം തലമുറയിൽ ശരിയായ മനുഷ്യനെയാണ് ഞാൻ തിരഞ്ഞെടുത്തതെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും."- എന്നാണ് അർച്ചന ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി കുറിച്ചത്. ഇതോടൊപ്പം എല്ലാവർക്കും ഇങ്ങനെ ഒരാളെ ലഭിക്കാൻ ഞാൻ ആശംസിക്കുന്നുവെന്നും നടി പറയുന്നു. ഇതോടെയാണ് താരം വിവാഹം കഴിക്കാൻ പോകുകയാണെന്ന ചർച്ചകൾ ആരാധകർക്കിടയിൽ നടന്നത്. എന്നാൽ താരം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.