

ഏറെ ആരാധകരുള്ള താരമാണ് അദിതി റാവു ഹൈദരി. ഹിന്ദി, തമിഴ് ഭാഷകളിലെ ചിത്രങ്ങളിലാണ് താരം കൂടുതലും അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ തന്റെ പേരിൽ മറ്റാരോ വാട്‌സാപ്പിലൂടെ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് ആരാധകർക്ക് മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് അദിതി. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്.
തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് താനാണെന്ന് തെറ്റിധരിപ്പിച്ച് ആരോ ഫോട്ടോഗ്രാഫർമാരോട് ഫോട്ടോഷൂട്ടിന് താൽപ്പര്യമുണ്ടെന്ന് സന്ദേശം അയയ്‌ക്കുന്നുണ്ടെന്നാണ് അദിതി റാവു വ്യക്തമാക്കിയത്.
"ഇന്ന് കുറച്ച് പേർ എന്റെ ശ്രദ്ധയിൽപ്പെടുത്തിയ കാര്യത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആരോ വാട്സാപ്പിൽ ഞാനാണെന്ന് കാണിച്ച് ഫോട്ടോഷൂട്ടുകളെക്കുറിച്ച് പറഞ്ഞ് ഫോട്ടോഗ്രാഫർമാർക്ക് സന്ദേശം അയയ്ക്കുന്നുണ്ട്. ജോലിക്കായി ഞാൻ സ്വകാര്യ നമ്പർ ഉപയോഗിക്കാറില്ല. എല്ലാം എന്റെ ടീമിലൂടെയാണ് നടക്കുന്നത്." - എന്നാണ് അദിതി റാവു ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്.