
ചെന്നൈ: മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ഇരുവർക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 10,000 രൂപയുടെ സ്വന്തം ജാമ്യത്തിലും അതേ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചത്. മറ്റൊരു നോട്ടീസ് ഉണ്ടാവുന്നതുവരെ ഇരുവരോടും ദിവസവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവാനും കോടതി നിര്‍ദേശിച്ചു.
ശ്രീകാന്തിനെ ജൂൺ 24 നാണ് നുങ്കമ്പാക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ എഐഎഡിഎംകെ നേതാവിൽ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനുശേഷം ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നേരത്തെ മയക്കുമരുന്ന് കേസുകൾ പരിഗണിക്കുന്ന ചെന്നൈയിലെ പ്രത്യേക കോടതി ശ്രീകാന്തിന്റെയും കൃഷ്ണയുടെയും ജാമ്യാപേക്ഷകൾ തള്ളി. തുടർന്നാണ് ഇരുവരും മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ന് ഹർജികൾ പരിഗണിച്ച ജഡ്ജി നിർമ്മൽ കുമാറാണ് ജാമ്യം അനുവദിച്ചത്.