

സിനിമയുടെ പ്രൊമോഷന് നൽകിയ പണം തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കെജിഎഫ് താരം യാഷിന്റെ അമ്മ പ്രമോട്ടർക്കെതിരെ കേസ് ഫയൽ ചെയ്തു. സിനിമാ പ്രൊമോട്ടർ ഹരീഷ് അരസുവും കൂട്ടാളികളും വൻതോതിലുള്ള വഞ്ചന, ഫണ്ട് ദുരുപയോഗം, ക്രിമിനൽ ഭീഷണി എന്നിവ നടത്തിയെന്ന് ആരോപിച്ചാണ് പുഷ്പലത പരാതി നൽകിയിരിക്കുന്നത്.
കൊത്തലവാടി എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി സിനിമാ മേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് കന്നഡ നടൻ യാഷിന്റെ അമ്മ പുഷ്പലത. 2025 മെയ് 24 നും ജൂലൈ പകുതിക്കും ഇടയിൽ തലക്കാട്, ഗുണ്ടൽപേട്ട്, മൈസൂരു, ചാമരാജനഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചിത്രീകരിച്ച തന്റെ ചിത്രത്തിന്റെ പ്രൊമോഷൻ ചെയ്യാൻ ഹരീഷിനെ ഏൽപ്പിച്ചതായി പുഷ്പ എഫ്‌ഐആറിൽ പറയുന്നു. ഇരു കക്ഷികളും 23 ലക്ഷം രൂപ പ്രൊമോഷൻ ഫീസായി സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
2025 മെയ് 18 ന് ഹരീഷ് 10 ലക്ഷം രൂപയും തുടർന്ന് മെയ് 21 ന് 5 ലക്ഷം രൂപയും വാങ്ങിയതായും, പിന്നീട് സിനിമയുടെ ബ്രാൻഡ് നെയിം ഉപയോഗിച്ച് വിവിധ ചാനലുകൾ വഴി 24 ലക്ഷം രൂപ കൂടി ഹരീഷ് കൈപ്പറ്റിയതായും പുഷ്പ അവകാശപ്പെടുന്നു. പ്രിന്റ് മീഡിയ പരസ്യത്തിനായി ജൂലൈ 31 ന് 4 ലക്ഷം രൂപയും, അങ്ങനെ മൊത്തം ഹരീഷ് തന്നിൽ നിന്ന് 64,87,700 രൂപ കൈപ്പറ്റിയതായി പുഷ്പ പരാതിയിൽ പറഞ്ഞു.
എന്നാൽ, 2025 ഓഗസ്റ്റ് 1 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രത്തിന് ഒരു പ്രമോഷനും നടത്തിയില്ലെന്ന് പുഷ്പ പറയുന്നു. ചോദ്യം ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് അപകീർത്തികരമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുമെന്നും വീട്ടിൽ വന്ന് കുഴപ്പമുണ്ടാക്കുമെന്നും ഹരീഷ് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.
ഹരീഷിന്റെ സ്വാധീനത്താൽ നടന്മാരായ മഹേഷ് ഗുരുവും സ്വർണ്ണലതയും ഓൺലൈനിൽ തന്നെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തുവെന്നും ഇത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നും പുഷ്പ പരാതിയിൽ പറയുന്നു.