

ഇരട്ടക്കുട്ടികൾക്ക് പേരിട്ട് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. കഴിഞ്ഞ മാസമാണ് വിഷ്ണു ഇരട്ടക്കുട്ടികളുടെ അച്ഛനായത്. കുഞ്ഞുങ്ങളുടെ പേരിടൽ ചടങ്ങിന്റെ സന്തോഷം ആരാധകരുമായി താരം പങ്കുവച്ചു. വിനായക്, കാർത്തികേയ എന്നാണ് കുഞ്ഞുങ്ങൾക്ക് പേരുകൾ നൽകിയത്.
കുടുംബത്തിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. ‘‘മാധവന്റെ അനിയന്മാർക്ക് പേരിട്ടു. കുഞ്ഞാവകൾ ഇനി മുതൽ, വിനായക് ആൻഡ് കാർത്തികേയ’’, എന്നായിരുന്നു ചിത്രങ്ങളൾക്കൊപ്പം വിഷ്ണു കുറിച്ചത്. 2020 ഫെബ്രുവരിയിൽ വിവാഹിതരായ വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്ന മകനുമുണ്ട്. വിനയ് ഫോർട്ട്, ശിവദ, സുധി കോപ്പ, മണികണ്ഠൻ തുടങ്ങി നിരവിധി താരങ്ങൾ ആശംസകളുമായെത്തി.
ഇടിയൻ ചന്തു, താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്മർ എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.