പൊതുവേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍; ഭക്ഷണം കഴിക്കാത്തതിലുള്ള ക്ഷീണമെന്ന് നടന്റെ ടീം | Vishal

സൗന്ദര്യമത്സരം കാണാനും വിലയിരുത്താനും വിശിഷ്ടാതിഥിയായാണ് വിശാല്‍ എത്തിയത്
Vishal
Published on

പൊതുവേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിന് ആശംസകള്‍ അറിയിച്ച ശേഷം മടങ്ങിപ്പോകവേയാണ് വിശാൽ ബോധരഹിതനായി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ട്രാന്‍സ്ജെൻഡറുകള്‍ക്കായി സൗന്ദര്യ മത്സരം ഉണ്ടായിരുന്നു. മത്സരം കാണാനും വിലയിരുത്താനും വിശിഷ്ടാതിഥിയായാണ് വിശാല്‍ എത്തിയത്. ഉച്ച ഭക്ഷണം കഴിക്കാത്തതിനെ തുടർന്നുണ്ടായ ക്ഷീണം കൊണ്ടാണ് നടൻ തളർന്നു വീണതെന്നാണ് താരത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ആരോഗ്യവുമായി ബന്ധപ്പെട്ട് വിശാലിനു മറ്റു പ്രശ്നങ്ങളില്ലെന്നും ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കണമെന്ന് മെഡിക്കൽ ടീം അദ്ദേഹത്തോടു നിർദേശിച്ചിട്ടുണ്ടെന്നും നടന്റെ ടീം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇതിനുമുമ്പും പൊതുവേദിയില്‍ നടന്‍ മോശം ആരോഗ്യാവസ്ഥയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘മദ ഗദ രാജ’യുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ കടുത്ത പനിയും വിറയലോടെയുമാണ് വിശാല്‍ എത്തിയത്. പ്രസംഗത്തിനിടെ പലപ്പോഴും നടന്റെ നാവു കുഴയുന്നുണ്ടായിരുന്നു. നടക്കാനും വിശാലിനു സഹായം ആവശ്യമായിരുന്നു. ഈ സംഭവത്തോടെ നടന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു പല തരത്തിലുള്ള ചർച്ചകളാണ് ആരാധകരുടെ ഇടയിൽ നടക്കുന്നത്. വിശാലിനെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു എന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
Times Kerala
timeskerala.com