നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്‌കാരം ഇന്ന് | funeral

ഷൈൻ ടോമും അമ്മ മരിയയും ആശുപത്രിയിൽ നിന്നും രാവിലെ വീട്ടിലെത്തി
നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്‌കാരം ഇന്ന് | funeral
A S U S
Published on

നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്‌കാരം ഇന്ന്. രാവിലെ പത്തര മണിയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഒൻപത് മണിയോടെ മുണ്ടൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. ഷൈൻ ടോമും അമ്മ മരിയയും ആശുപത്രിയിൽ നിന്നും രാവിലെ വീട്ടിലെത്തി. ഇടതു തോളിനു പരുക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മയെ സ്ട്രെച്ചറിലുമായാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.

ചാക്കോ മരിച്ച വിവരം മരിയയെ അറിയിച്ചിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്നു രാവിലെയാണ് ഭർത്താവ് മരിച്ച വിവരം അവർ അറിയുന്നത്. പ്രിയതമനെ അവസാനമായി കാണാനെത്തിയ മരിയയുടെ നിമിഷങ്ങൾ കണ്ടുനിന്നവര്‍ക്കും വേദനയായി.

ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. പിതാവിന്റെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായ ശേഷം ഷൈനിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെങ്കിലും ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും.

അമ്മ മരിയയ്ക്ക് ഇടുപ്പെല്ലിന് ഗുരുതര പരുക്കും സ്ഥാനചലനവും സംഭവിച്ചിട്ടുണ്ട്. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. മരിയയ്ക്കു രണ്ടു മാസത്തെ പൂർണ വിശ്രമം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു.

ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലൻഡിൽ നിന്നെത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com