സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ നടൻ സലിംകുമാർ പരിപാടിക്കുശേഷം മടങ്ങി പോകവെ കാൽ വഴുതി വീണു. ഒപ്പമുണ്ടായിരുന്നവർ പെട്ടെന്നു തന്നെ അദ്ദേഹത്തെ പിടിച്ചുയർത്തി. പിന്നീട് കാറിലേക്ക് അദ്ദേഹം സ്വയം നടന്നു പോകുകയും ചെയ്തു. ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു മടങ്ങവെയായിരുന്നു സംഭവം.
പ്രസ്തുത പരിപാടിയിൽ അദ്ദേഹം നടത്തിയ പ്രസംഗം വൈറലായിട്ടുണ്ട്. "മൊബൈൽ ഫോൺ വന്നതോടെ കുട്ടികളുടെ എല്ലാ കഴിവുകളും നഷ്ടപ്പെട്ടു. കുട്ടികളിലേക്ക് ഇവ നെഗറ്റിവ് എനർജി കയറ്റി വിടുകയാണ്. സെലിബ്രിറ്റികളിൽ തന്നെ എടുത്തു നോക്കിയാൽ, വൃത്തികേടു കാണിക്കുന്നവനാണ് പിള്ളേരുടെ ഹീറോ. പണ്ടൊക്കെ യേശുദാസിന്റെയും ജയചന്ദ്രന്റെയും പാട്ടുകളായിരുന്നു നമുക്കിഷ്ടം. ഇന്നങ്ങനെയല്ല തെറ്റിച്ചുപാടാം, ശുദ്ധിയില്ലാതെ പാടാം. അതാണ് അവരുടെ സെലിബ്രിറ്റി." - സലിംകുമാർ പറഞ്ഞു.
"കുട്ടികളിലെ മൊബൈൽ ഫോൺ സംസ്കാരം കൂടി വരുകയാണ്. അതില്‍ നല്ല കാര്യങ്ങളുമുണ്ട്. പക്ഷേ 24 മണിക്കൂറും ഇതിന്റെ ആവശ്യമുണ്ടോ, സീബ്ര ലൈൻ ക്രോസ് ചെയ്യുമ്പോള്‍പോലും മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് വരുന്നത്. എതിരെ വരുന്നവരെ ഫേസ് ചെയ്യാൻ ധൈര്യമില്ലാത്തവരാണ് ഇങ്ങനെയുള്ളവർ. റോഡിൽ അഞ്ച് പേർ നടന്നുപോകുകയാണെങ്കിൽൽ ആ അഞ്ചുപേരും ഫോണിലായിരിക്കും. അതിനു പകരം അവർ പരസ്പരം സംസാരിച്ചു പോകുകയാണെങ്കിൽ ആ ബന്ധം എത്ര ദൃഢമാകും." - അദ്ദേഹം കൂട്ടിച്ചേർത്തു.