
കുടുംബസമേതം കേക്ക് മുറിച്ച് 41–ാം പിറന്നാൾ ആഘോഷിച്ച് നടൻ നിവിൻ പോളി. ഭാര്യ റിന്നയ്ക്കും മക്കളായ ദാവീദിനും റോസിനുമൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മകൻ, ദാദ എന്ന് വിളിക്കുന്ന ദാവീദ് ഇത്രയും വലുതായോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം, കരിയറിന്റെ അടുത്ത പടിയിലേക്ക് കയറാനൊരുങ്ങുന്ന നിവിൻ ഒരുപിടി നല്ല ചിത്രങ്ങളുമായാണ് ഇനിയെത്തുന്നത്. വിനീത് ശ്രീനിവാസൻ, അൽഫോൻസ് പുത്രന്‍ എന്നിവർക്കൊപ്പവും താരം പുതിയ പ്രോജക്ടുമായി വരും വർഷങ്ങളിൽ എത്തും. ‘ഗരുഡനു’ ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമായ ‘ബേബി ഗേൾ’ നവംബറിൽ തിയറ്ററുകളിൽ എത്തും. മറ്റൊരു വലിയ പ്രോജക്ട് ക്രിസ്മസ് റിലീസായി എത്താനൊരുങ്ങുന്ന 'സർവം മായ' ആണ്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഈ ഹൊറർ കോമഡി ഫാമിലി എന്റർടെയ്‌നറിലൂടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയും അജു വർഗ്ഗീസും സ്ക്രീനിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
റൊമാന്റിക് കോമഡികളിലൂടെ ശ്രദ്ധേയരായ 'പ്രേമലു' ടീമിന്റെ പുതിയ ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആണ് നിവിൻ പോളിയുടേതായി ഒരുങ്ങുന്ന മറ്റൊരു പ്രധാന പ്രൊജക്റ്റ്. ഈ ചിത്രത്തിൽ മമിതാ ബൈജുവാണ് നായിക. നിവിന്റെ തന്നെ പ്രൊഡക്‌ഷൻ കമ്പനിയായ പോളി ജൂനിയർ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ഡിയർ സ്റ്റുഡന്റ്സും റിലീസിനൊരുങ്ങുകയാണ്. ‘ലവ് ആക്‌ഷൻ ഡ്രാമ’ എന്ന സൂപ്പർ ഹിറ്റിനുശേഷം നിവിനും നയൻതാരയും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണിത്.