കൊച്ചി: മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.(Actor Mohanlal's mother passes away)
പക്ഷാഘാതത്തെ തുടർന്ന് ശാന്തകുമാരിയമ്മ വിശ്രമത്തിലായിരുന്നു. അമ്മയുമായി ഹൃദ്യമായ ബന്ധം പുലർത്തിയ വ്യക്തി ആയിരുന്നു മോഹൻലാൽ. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ മറ്റൊരു മകനാണ്.
മോഹൻലാലിന്റെ സിനിമാ ജീവിതത്തിലും വ്യക്തിജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ശാന്തകുമാരി. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും കൊച്ചിയിലെ വീട്ടിലുണ്ടായിരുന്നു.
ഭൗതികദേഹം വൈകുന്നേരം വരെ കൊച്ചിയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് റോഡ് മാർഗ്ഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. തിരുവനന്തപുരം മുടവൻമുകളിലെ കുടുംബവീട്ടിൽ നാളെ രാവിലെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള ചലച്ചിത്ര രംഗത്തെ പ്രമുഖർ കൊച്ചിയിലെ വീട്ടിലെത്തി മോഹൻലാലിനെ ആശ്വസിപ്പിച്ചു. രാഷ്ട്രീയ-സാംസ്കാരിക മേഖലയിലുള്ള നിരവധി പേർ അനുശോചനം രേഖപ്പെടുത്തി വരികയാണ്. കഴിഞ്ഞ 14 വർഷമായി രോഗാവസ്ഥയിലായിരുന്നു. മൂന്ന് മാസം മുമ്പ് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.