കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ്, കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ തന്റെ പാസ്‌പോർട്ട് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സറണ്ടർ ചെയ്തിരുന്ന പാസ്‌പോർട്ടാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയ ശേഷം കോടതിയുമായി ബന്ധപ്പെട്ട് ദിലീപ് ചെയ്യുന്ന ആദ്യത്തെ നടപടിയാണിത്.(Actor Dileep demands return of surrendered passport)
അതേസമയം, കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ആറ് പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന് തന്നെ ഉണ്ടാകും. കോടതി നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഒന്നാം പ്രതിയായ പൾസർ സുനി അടക്കം ആറ് പേർക്കും പരമാവധി ശിക്ഷയായ ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
ഏഴര വർഷം തടവ് അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് പൾസർ സുനിയുടെ പ്രതിഭാഗം കോടതിയോട് ആവശ്യപ്പെടും. 20 വർഷം വരെ കഠിന തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം കടുത്ത 10 കുറ്റങ്ങളാണ് ആറ് പ്രതികൾക്കുമെതിരെ തെളിയിക്കപ്പെട്ടത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ആണ് ശിക്ഷ വിധിക്കുന്നത്.