
'കാട്ടാളൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ ആന്റണി വർഗീസിന് (പെപ്പെ) പരിക്ക്. ആക്ഷൻ നിറഞ്ഞ ആനയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അപകടം. അപകടത്തിൽ താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വിശ്രമത്തിലാണ് പെപ്പെ. അപകടത്തെ തുടർന്ന് ‘കാട്ടാളൻ’ സിനിമയുടെ അടുത്ത ഷെഡ്യൂൾ താത്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.
ആൻറണി വർഗീസിനെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് കാട്ടാളൻ., നവാഗതനായ പോൾ ജോർജ്ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജിഷ വിജയനാണ് നായിക കഥാപാത്രം അവതരിപ്പിക്കുന്നത്. ‘കാന്താര’യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും എത്തുന്നു. ചിത്രത്തിൽ ആൻറണി വർഗ്ഗീസ് എന്നാണ് പെപ്പെയുടെ കഥാപാത്രത്തിന്റെ പേര്.
ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലർ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.