‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരയ്ക്കാറും വീണ്ടും ഒന്നിക്കുന്നു. ജോമോൻ ജ്യോതിർ, സോഷ്യൽ മീഡിയയിലെ വൈറൽ ടാൻസാനിയൻ താരം കിലി പോൾ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഇന്നസെൻറ് ‘എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്.
എലമെൻറ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെൻറ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടക്കുന്നത്.