
സ്വന്തം സിനിമകൾ തിയറ്റർ റിലീസിന് ശേഷം യൂട്യൂബിൽ പ്രദർശിപ്പിക്കാനൊരുങ്ങി നടൻ ആമിർ ഖാൻ. അദ്ദേഹത്തിന്റെ പ്രൊഡക്ഷനിൽ നിർമിക്കപ്പെട്ട സിനിമകളാണ് യൂട്യൂബ് ചാനലിലൂടെ പേ-പെർ-വ്യൂ (കാണുന്ന കണ്ടെന്റുകൾക് മാത്രം പണം നൽകുന്നത്) രീതിയിൽ കാണാനാവുക. ഇതിനായി താരവും അദ്ദേഹത്തിന്റെ ടീമും ചേർന്ന് 'ആമിർ ഖാൻ ടാക്കിസ്' എന്ന പേരിൽ മാസങ്ങൾക്ക് മുമ്പ് യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു.
ആമിർ ഖാന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം 'സിത്താരെ സമീൻ പർ' ആയിരിക്കും ഇത്തരത്തിൽ യൂട്യൂബിൽ പുറത്തിറങ്ങുന്ന ആദ്യ ആമിർ ചിത്രം. ആമിർ ഖാൻ പ്രൊഡക്ഷൻസിന് കീഴിൽ നിർമിച്ച എല്ലാ സിനിമകളും ചാനലിൽ പേ-പെർ-വ്യൂ മോഡൽ പ്രകാരമാകും ലഭ്യമാകുക. ആഗസ്റ്റ് ഒന്നിന് സിത്താരെ സമീൻ പർ പ്രേക്ഷകർക്ക് കാണാനാകും. 100 രൂപയാണ് ചാർജ്.
ലഗാൻ, ദംഗൽ, ജാനേ തു യാ ജാനേ നാ, താരേ സമീൻ പർ എന്നിങ്ങനെയുള്ള ചിത്രങ്ങൾ ഉൾപ്പെടെ ബാനറിന്റെ കീഴിൽ നിർമിച്ച എല്ലാ സിനിമകളും ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുമെന്ന് ആമിർ ഖാൻ വ്യക്തമാക്കി. ആമിറിന്റെ പിതാവ് താഹിർ ഹുസൈൻ നിർമിച്ച പഴയ സിനിമകളും ഈ ചാനലിൽ ലഭ്യമാക്കും. കൂടാതെ, വിലയുള്ള കണ്ടന്റിനൊപ്പം ചില സൗജന്യ ഉള്ളടക്കങ്ങളും ലഭ്യമാവുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
"എന്റെ സിനിമ എല്ലാ വീടുകളിലും എത്തിക്കണം, എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കണം. എപ്പോൾ കാണണമെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഈ പേ-പെർ-വ്യൂ മോഡൽ കൊണ്ടുവരാൻ ഇതാണ് ശരിയായ സമയമെന്ന് എനിക്ക് തോന്നി." - ആമിർ ഖാൻ പറഞ്ഞു.
പേ-പെർ-വ്യൂ മോഡലിനും സബ്സ്ക്രിപ്ഷൻ മോഡലിനും വലിയ വ്യത്യാസമുണ്ട്. സബ്സ്ക്രിപ്ഷൻ മോഡലിൽ, ഉപഭോക്താവ് ഒരു പ്ലാറ്റ്‌ഫോമിലെ മുഴുവൻ ഉള്ളടക്കത്തിനും പണം നൽകുകയാണ് ചെയ്യുന്നത്. എന്നാൽ, ഒരു നിർമാതാവെന്ന നിലയിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാനായി ആമിർ ഖാന്റെ പുതിയ ചുവടുവയ്പ്പായാണ് പുതിയ നീക്കത്തെ വിലയിരുത്തുന്നത്.