
2025 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ച് ഹിന്ദി ചിത്രങ്ങളുടെ പട്ടികയിൽ ആമിർ ഖാന്റെ 'സിത്താരേ സമീൻ പർ'. ചിത്രം 12ാം ദിനമായ ഇന്ന് 200 കോടി നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ, കളക്ഷനിൽ സൽമാൻ ഖാന്റെ സിക്കന്ദറിനെ മറികടന്നു ചിത്രം.
ജൂണ്‍ 20 നായിരുന്നു ചിത്രം റിലീസിനെത്തിയത്. സെൻസറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. സെൻസർ ബോർഡ് നിർദേശങ്ങൾ സ്വീകരിക്കാൻ ആമിർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ തയാറായില്ല. അതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിട്ടു.
സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിത്താരേ സമീൻ പർ'. ഈ ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെയാണ് ആമിർ ഖാൻ പ്രൊഡക്ഷൻസ് അവതരിപ്പിച്ചത്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്.
ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യില്ലെന്ന് ആമിർ നേരത്തെ അറിയിച്ചിരുന്നു. ഇന്നത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നിർമാതാക്കളെ അവരുടെ സിനിമകൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സ്ട്രീം ചെയ്യാൻ സമർദ്ദം ചെലുത്തുന്നുണ്ട്. ഒരു പ്ലാറ്റ്‌ഫോമിനോടും തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും എന്നാൽ, സമയക്രമം യുക്തിസഹമായി തോന്നുന്നില്ലെന്നും ആമിർ പറഞ്ഞു. ആറ് മാസത്തെ ഇടവേള സുഖകരമായിരിക്കുമായിരുന്നെന്നും എന്നാൽ തിയറ്ററുകളിൽ പ്രദർശനം കഴിഞ്ഞാലുടൻ ചിത്രം ഡിജിറ്റലായി റിലീസ് ചെയ്യാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും നടൻ പറഞ്ഞു.