ആമിർ ഖാൻ തന്റെ പുതിയ ചിത്രമായ 'സീതാരേ സമീൻ പർ' ട്രെയിലര്‍ റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ബഹിഷ്കരണഹ്വാനം. ബുധനാഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരു ദിവസത്തിനു മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ ബഹിഷ്കരണ അഹ്വാനം ഉയര്‍ന്നു.
ഓരോരുത്തരും ഓരോരോ കാരണങ്ങളാണ് ബഹിഷ്‌കരണത്തിനായി പറയുന്നത്. അതിലൊന്ന് തുർക്കിയുമായി ബന്ധപ്പെട്ടാണ്. അഞ്ച് വർഷം മുമ്പത്തെ താരത്തിന്റെ തുർക്കി സന്ദർശനവും അന്ന് തുര്‍ക്കിയുടെ പ്രഥമവനിത എമിന്‍ എര്‍ദോഗാനൊപ്പമുള്ള കൂടിക്കാഴ്ചയുമാണ് ചിലര്‍ പറയുന്നത്. പാകിസ്താനുള്ള തുര്‍ക്കിയുടെ പിന്തുണയാണ് എതിര്‍പ്പിന് കാരണം.
ഇന്ത്യ- പാകിസ്ഥാൻ സംഘര്‍ഷാവസ്ഥയില്‍ തുർക്കി, പാകിസ്താന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ പലരും തുർക്കിയെ ബഹിഷ്കരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് ഒരു വിഭാഗം ആമിറിന്‍റെ തുര്‍ക്കി ബന്ധം ചൂണ്ടിക്കാട്ടി സിനിമ ബഹിഷ്‌ക്കരിക്കാൻ പറയുന്നത്.
ഇന്ത്യ-പാകിസ്താന്‍ സംഘർഷത്തിനിടയിൽ ആമിര്‍ ഖാന്‍ മൗനം പാലിച്ചതാണ് ചിലര്‍ ബഹിഷ്കരണത്തിനായി കണ്ടെത്തിയ കാരണം. ആമിര്‍ ഖാന്റെ പഴയ അസഹിഷ്ണുത കമന്റും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. എക്സില്‍ ബഹിഷ്കരണ കുറിപ്പുകള്‍ ട്രെന്‍ഡിങാകുകയും ചെയ്തിരുന്നു.
അതേസമയം, ബഹിഷ്‌കരണ ആഹ്വാനത്തിനിടയിലും 'സിതാരേ സമീന്‍ പര്‍' ട്രെയിലര്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുന്നുണ്ട്. യൂട്യൂബിൽ ട്രെന്‍ഡിങില്‍ ട്രെയിലറുണ്ട്. ജൂൺ 20 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.