
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് 'കൂലി'. ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആമിറിന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. നിർമാണ കമ്പനിയായ സൺ പിക്‌ചേഴ്‌സാണ് ആമിറിന്റെ പോസ്റ്റർ പുറത്തുവിട്ടത്.
ദഹ എന്നാണ് ആമിറിന്‍റെ കഥാപാത്രത്തിന്‍റെ പേര്. പരുക്കൻ വസ്ത്രവും സ്വർണ നിറത്തിലുള്ള റിസ്റ്റ് വാച്ചും സ്റ്റൈലിഷ് സൺഗ്ലാസും ചുണ്ടിൽ പൈപ്പുമായി ഒരു വിന്റേജ് ലുക്കിലാണ് ആമിറിന്‍റെ കഥാപാത്രത്തെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 നാണ് ആഗോള റിലീസായി തിയറ്ററുകളിൽ എത്തുന്നത്.
രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി സംവിധായകനും നടനും വൻതുക പ്രതിഫലം വാങ്ങിയിരുന്നതായി പിങ്ക്വില്ല റിപ്പോർട്ട് ചെയ്തിരുന്നു. രജനികാന്ത് 150 കോടി രൂപ മുൻകൂറായി വാങ്ങിയതായും ലോകേഷിന് 50 കോടി രൂപ പ്രതിഫലം ലഭിച്ചതായുമാണ് റിപ്പോർട്ട്. 350 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു എന്റർടെയ്‌നറായിട്ടാണ് 'കൂലി' ഒരുങ്ങുന്നത്
സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.