
മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള താരമാണ് പൃഥ്വിരാജ്. സിനിമയ്ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ സമയം മാറ്റി വയ്ക്കാറുള്ളതെങ്കിലും, മകൾ അലംകൃത എന്ന അല്ലിയുടെയും, ഭാര്യ സുപ്രിയ മേനോന്റെയും ഒപ്പം സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് പൃഥ്വിരാജ്. ഇതിന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
മകൾ അല്ലിയുടെ പതിനൊന്നാം പിറന്നാൾ ദിവസം പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അലംകൃതയുടെ ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ ദമ്പതികൾ പങ്കു വയ്ക്കാറില്ല. അല്ലിയുടെ പിറന്നാൾ ദിവസം മാത്രമാണ് മകളുടെ ചിത്രങ്ങളും, കുറിപ്പും ഇരുവരും പോസ്റ്റ് ചെയ്യാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.
"തന്റെ പാർട്ട് ടൈം ചേച്ചി, ചിലപ്പോൾ അമ്മ, മുഴുവൻ സമയ തെറാപ്പിസ്റ്റ്, ഇടയ്ക്കിടെ മകൾ ഇവയെല്ലാമായ ആലിക്ക് ജന്മദിനാശംസകൾ" - എന്നാണ് പൃഥ്വിരാജ് കുറിച്ചത്. "ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, ജീവിതത്തിലെ എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്ററാണ് ആലി" എന്നും പൃഥ്വിരാജ് കുറിച്ചു. ഒപ്പം മകൾ അലംകൃതയുടെ ഇതുവരെ പുറത്തു വിട്ടിട്ടില്ലാത്ത ചില ചിത്രങ്ങളും താരം പങ്കുവച്ചു.
"ഞങ്ങളുടെ പൊന്നു മോൾ അല്ലിക്ക് ജന്മദിനാശംസകൾ!' എന്നാണ് സുപ്രിയ മേനോൻ കുറിച്ചത്. "ഇന്ന് നിനക്ക് 11 വയസ്സായി. നീ കൗമാരത്തിലേക്ക് കടക്കുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. നീ ഒരുപാട് ദയയും സഹാനുഭൂതിയും ഉള്ള ഒരു കൊച്ചുകുട്ടിയായി വളരുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്." -സുപ്രിയ കുറിച്ചു. 'നിന്റെ അച്ഛനും അമ്മയുമായതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു' എന്നാണ് അമ്മ സുപ്രിയ മേനോൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്.