"പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തി, ആ തെറ്റ് ഇനിയാവർത്തിക്കരുത്"; ഗുരുതര ആരോപണവുമായി ലിസ്റ്റിൻ സ്റ്റീഫൻ | Listin Stephen

എല്ലാ നടന്മാരെയും സംശയ നിഴലിൽ നിർത്തി, ലിസ്റ്റിനെ പുറത്താക്കണമെന്ന് സാന്ദ്ര തോമസ്
Listin Stephen
Published on

കൊച്ചി: മലയാളത്തിലെ ഒരു പ്രമുഖ നടന്റെ പേര് വെളിപ്പെടുത്താതെ ഗുരുതര ആരോപണം ഉന്നയിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തിയെന്നായിരുന്നു പ്രസ്താവന. ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.

പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു ലിസ്റ്റിന്റെ പരാമർശം.

"മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിനാണ് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും." - എന്നാണ് ലിസ്റ്റിൻ പറഞ്ഞത്. നടൻ്റെ പേരോ, ചെയ്‌ത തെറ്റ് എന്താണെന്നോ പറയാതെയായിരുന്നു ലിസ്റ്റിന്റെ മുന്നറിയിപ്പ്.

പിന്നാലെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കണമെന്ന് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് ലിസ്റ്റിൻ പ്രസ്താവന നടത്തിയെന്ന് സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു. അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ് ലിസ്റ്റിൻ്റെ നടപടി. പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ലിസ്റ്റിനെ പുറത്താക്കണം, സാന്ദ്ര പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ? എന്നും സാന്ദ്ര ചോദിക്കുന്നു.

സാന്ദ്ര തോമസിന്റെ പോസ്റ്റിന്റെ പൂർണരൂപം:

ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ ?

സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനമക്കകത്തു ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ്. എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. മലയാള സിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം.

എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും ) പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം. കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com