"ഒരു സ്റ്റേഡിയത്തിൽ കസേര നിരത്തി നടത്തേണ്ട പരിപാടി, ബസിനു മുകളിൽ കയറി ‘ഷോ’ കാണിച്ച്‌"; വിമർശിച്ച് സന്തോഷ് പണ്ഡിറ്റ് | Karur disaster

"ദാഹിച്ച് വലഞ്ഞ് നിൽക്കുന്ന മൂന്നു ലക്ഷം വരുന്ന ജനക്കൂട്ടത്തിന് നേരെ 3 കുപ്പിവെള്ളം എറിഞ്ഞ് കൊടുത്തതാണ് ഇത്രയും വലിയ ദുരന്തത്തിലേക്ക് നയിച്ചത്"
Santhosh Pandit
Published on

നടീ-നടന്മാരോടുള്ള ആരാധനമൂത്ത് അവർക്കായി മരിക്കുന്ന ആരാധകർ ശരിക്കും കഴുതകളാണെന്ന് സന്തോഷ് പണ്ഡിറ്റ്. ഒരു സ്റ്റേഡിയത്തിൽ കസേര നിരത്തി നടത്തേണ്ട പരിപാടി ബസിനു മുകളിൽ കയറി ‘ഷോ’ കാണിച്ചതാണ് വിജയ്‌യ്ക്ക് പാരയായതെന്നും പണ്ഡിറ്റ് പറയുന്നു. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ:

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം...നടീ നടന്മാരോടുള്ള ആരാധനമൂത്ത് അവർക്കായി മരിക്കാൻ പോകുന്ന ഫാൻസ് ശരിക്കും കഴുതകളാണ്.. സിനിമാക്കാർ അവരുടെ ജോലിയാണ് ചെയ്യുന്നത്. നിങ്ങൾ നിങ്ങളുടെ ജോലിയും, സമയവും, മൊബൈൽ ഡാറ്റയും, പണവും, ആരോഗ്യവും കളഞ്ഞു അവരുടെ ജോലി പോയി കാണുന്നു. അവർ ഇതിലൂടെ കോടികൾ ഉണ്ടാക്കുന്നു. എല്ലാ മാസവും പുതിയ ഫ്ലാറ്റ്, കാർ, ബിസിനസ്സ് സ്ഥാപനങ്ങൾ ഇതിലൂടെ ഉണ്ടാക്കുന്നു. ഇതെല്ലാം കാണുന്ന വിഡ്ഢികളിൽ പലർക്കും സ്വന്തമായ വീടില്ല, കാർ പോയിട്ട് സൈക്കിൾ പോലും ഇല്ല.. ഒരു അസുഖം വന്നാൽ പോലും കൈയ്യിൽ പൈസ ഇല്ലാതെ വിഷമിക്കുന്നു.

അതിനാൽ ഇനിയെങ്കിലും സിനിമ, ക്രിക്കറ്റ്, ഫുട്ബോൾ , രാഷ്ട്രീയത്തിലെ നേതാക്കന്മാർ ഇവരെയൊക്കെ ആരാധിക്കേണ്ടതുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കുക. സിനിമ, ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയവ ഒരു രസത്തിന് ടൈംപാസ് ആയി മാത്രം കണ്ട് ഒഴിവാക്കുക. ഇവിടെ കലാകാരൻമാർ ഇല്ല, കലയെ വിറ്റ് ജീവിക്കുന്ന കുറെ ബിസിനസുകാർ മാത്രമേ ഉള്ളു.

തമിൾ നാട്ടിലെ കരൂരിൽ സൂപ്പർ താരം വിജയ് ജിയുടെ രാഷ്ട്രീയ പാർട്ടിയുടെ പൊതുയോഗത്തിന് ഇടയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര് കൊല്ലപ്പെടുകയും, പരുക്കേൽക്കുകയും ചെയ്തല്ലോ. ഉച്ചയ്ക്ക് അദ്ദേഹം വരും എന്നാണ് ആദ്യം പറഞ്ഞത്. അത് വിശ്വസിച്ചു നേരത്തെ അവിടെ എത്തിയ ആരാധകര്‍ 7 മണിക്കൂർ വൈകി എത്തിയ അദ്ദേഹത്തെ കണ്ട് നിർവൃതി അടഞ്ഞു. അതും ഇത്രയും വിശപ്പ്, ദാഹം സഹിച്ചു കണ്ട്. ഈ സമയം ദാഹിച്ച് വലഞ്ഞ് നിൽക്കുന്ന മൂന്നു ലക്ഷം വരുന്ന ജനക്കൂട്ടത്തിന് നേരെ 3 കുപ്പിവെള്ളം എറിഞ്ഞ് കൊടുത്തതാണ് ഇത്രയും വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്ന് പറയുന്നു.

ഒരു സ്റ്റേഡിയത്തിൽ കസേര നിരത്തി നടത്തേണ്ട പരിപാടി ബസിനു മുകളിൽ കയറി "ഷോ" കാണിച്ചതാണ് പാരയായത്. ഇന്ത്യയിലെ എല്ലാ പാർട്ടികളും പൊതുസമ്മേളനം നടത്തുന്നത് നല്ല സുരക്ഷ ഒരുക്കിയാണ്. മൂന്ന് ലക്ഷം ആളുകളെ മാനേജ് ചെയ്യുക എന്നത് എളുപ്പമല്ല. ഇതിനായി മെയിൻ റോഡിന് പകരം ബീച്ച് ഏരിയാ, അല്ലെങ്കിൽ പ്രത്യേകം കെട്ടി ഉണ്ടാക്കിയ വലിയ ഗ്രൗണ്ട് തുടങ്ങിയവ തെരഞ്ഞെടുക്കണം.

സിനിമയല്ല ജീവിതം, സിനിമയല്ല രാഷ്ട്രീയം. രാഷ്ട്രീയ കളി വിജയ് ജിക്കു അത്ര പരിചയമില്ല. രാഷ്ട്രീയ പക്വത അത് വേറെയാണ്. പതുക്കെ ശരിയാകും എന്ന് കരുതാം. ജനക്കൂട്ടം വോട്ടാകില്ല. കമൽഹാസൻ ജീ അദ്ദേഹത്തെ ഈ സംഭവത്തിന്റെ പേരിൽ വിമർശിച്ചു.

ഇത്തരം പൊതു പരിപാടിയിൽ ആൾക്കൂട്ടത്തിലേക്ക് 18 വയസ്സിൽ താഴെ ഉള്ളവരേയും 65 വയസ്സിനു മേലെ ഉള്ളവരേയും അനുവദിക്കരുത്, 500 പേർ ഇടവിട്ട് ഒരു വേലി ഉണ്ടായിരിക്കണം, ആവശ്യത്തിനു കുടിവെള്ളവും ഉണ്ടായിരിക്കണം. ഇത് ലോകത്തെ ആദ്യത്തെ സംഭവം അല്ല. പല ക്ഷേത്രങ്ങളിലും, കായിക മൈതാനങ്ങളിലും ഇതുപോലെ അപകടം ഉണ്ടായിട്ടുണ്ട്. എത്രയോ മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്. എങ്കിലും വിജയ് ജി എവിടെ പരിപാടി അവതരിപ്പിച്ചാലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നത് കൂടി ചിന്തിക്കുക. അല്ലെങ്കിൽ പണിപാളും..

(വാൽ കഷ്ണം.. ഈ പ്രശ്നത്തിന്റെ പേരിൽ വിജയ്ക്കെതിരെ കേസ് കൊടുക്കേണ്ട ആവശ്യമില്ല. ഇതിന്റെ പേരിൽ രാഷ്ട്രീയം ഉപേക്ഷിക്കുകയും വേണ്ട. സിനിമ ഉപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിൽ വരുവാനുള്ള തീരുമാനം എടുത്തത്. ആ തീരുമാനം ഒരിക്കലും മാറ്റരുത്. ആത്മാർഥതയുള്ള രാഷ്ട്രീയക്കാരന്റെ തീരുമാനം ആണത്. ഭാവിയിൽ കുറച്ചു കൂടി ശ്രദ്ധിച്ചു രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോവുക. വിജയം നിങ്ങൾക്ക് ഉണ്ടാകും.)

Related Stories

No stories found.
Times Kerala
timeskerala.com