
ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് മിറാഷ്. സെപ്റ്റംബർ മൂന്നാം വാരം തിയറ്ററിൽ എത്തിയ ചിത്രം ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞെങ്കിലും ട്വിസ്റ്റുകളുടെ അതിപ്രസരം പ്രേക്ഷകരിൽ വിരക്തി സൃഷ്ടിച്ചു. ഇപ്പോഴിതാ മിറാഷ് ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഈ മാസം അവസാനത്തോടെ ആസിഫ് അലി ചിത്രം ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങും.
ജാപ്പനീസ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സോണി ലിവാണ് മിറാഷിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ സോണി ലിവ് മിറാഷിൻ്റെ ഒടിടി അവകാശം നേടിയിരുന്നു. ചിത്രം ഒക്ടോബർ 23 മുതൽ സോണി ലിവിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. അതേസമയം ചിത്രത്തിൻ്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഒടിടി പ്ലാറ്റ്ഫോമോ സിനിമയുടെ അണിയറപ്രവർത്തകരോ അറിയിച്ചിട്ടില്ല.
നാദ് സ്റ്റുഡിയോസ്, ഇ4 എൻ്റർടെയ്ൻമെൻ്റ്സ്, സാരിഗമ, സെവെൻ 1 സെവെൻ പ്രൊഡക്ഷൻസ്, ബെഡ്ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഒരുക്കിയ ചിത്രമാണ് മിറാഷ്. ആസിഫ് അലിക്ക് പുറമെ മിറാഷിൽ അപർണ ബാലമുരളി, ഹന്ന റെജി കോശി, ഹക്കീം ഷാജഹാൻ, ദീപക് പറമ്പോൾ, ബിഗ് ബോസ് താരം അർജുൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.
അപർണ ആർ തറക്കാടിൻ്റെ കഥയ്ക്ക് ശ്രീനിവാസ് അബ്രോളും സംവിധായകൻ ജീത്തു ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറിപ്പാണ് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. വിഷ്ണു ശ്യാമാണ് സംഗീത സംവിധായകൻ, വിനായകാണ് എഡിറ്റർ.