

മകളുടെ അരങ്ങേറ്റത്തിന്റെ വിഡിയോ പങ്കുവച്ച് നടി മുക്ത. "ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണ്. മകളുടെ നൃത്തം കാണുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു."- കൺമണിയുടെ നൃത്ത വിഡിയോയ്ക്ക് ഒപ്പം വൈകാരികമായ കുറിപ്പ് പങ്കുവച്ച് മുക്ത.
"എന്റെ കൺമണിയുടെ ആദ്യത്തെ ക്ലാസിക്കൽ നൃത്തം. എന്റെ ഹൃദയം നിറഞ്ഞൊഴുകുകയാണ്. അവളെ ആദ്യമായി ക്ലാസിക്കൽ ഡാൻസ് വേഷത്തില്‍ കണ്ടപ്പോൾ എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നും ഓർക്കാൻ ആഗ്രഹിക്കുന്ന നിമിഷം. ചെറിയ കാലുകൾ കൊണ്ട് ആത്മവിശ്വാസത്തോടെ എല്ലാ ഭാവവും ഉൾക്കൊണ്ട് അവൾ നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അഭിമാനവും സന്തോഷവും തോന്നി. എല്ലാ കുട്ടികളും വളരെ മനോഹരമായി നൃത്തം ചെയ്തു. വർണാഭവും മനോഹരവുമായിരുന്നു വേദി. അത് അവരുടെ നൃത്തം അവസാനമില്ലാതെ കണ്ടുകൊണ്ടിരിക്കാൻ തോന്നിച്ചു.
ഇത്ര ആത്മവിശ്വാസത്തോടെ കൺമണി ഇന്ന് നൃത്തം ചെയ്തതിന് കാരണം അവളുടെ ഗുരു വിനീത് രാധാകൃഷ്ണൻ സാറിന്റെ നിർദേശങ്ങളും ക്ഷമയും സമർപ്പണവുമാണ്. ഇത്രയും കഴിവുള്ള ഒരു കലാകാരന്റെ കീഴിൽ അവളെ പഠിപ്പിക്കാൻ കഴിയുന്നതിൽ ഞങ്ങൾ ശരിക്കും ഭാഗ്യവാന്മാരാണ്. നൃത്ത്യഗ്രഹത്തിലെ എല്ലാ അധ്യാപകർക്കും നന്ദി. മാതാപിതാക്കൾ എന്ന നിലയിൽ അവളുടെ എല്ലാ ആഗ്രഹവും നിറവേറ്റാൻ ഞങ്ങൾ സഹായിക്കും. മറക്കാൻ കഴിയാത്ത ദിവസമാണിന്ന്. അവളെ നിങ്ങളുടെ പ്രാർഥനയിൽ ഓർക്കുക." - മുക്ത കുറിച്ചു.
വലിയ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കൺമണി നന്നായി നൃത്തം ചെയ്യുന്നുണ്ടെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. നടിമാരായ മോനിഷ, കാവ്യ എന്നിവരെ പോലെയുണ്ടെന്ന കമന്റുകളും കാണാം. ഭാമ, രചന നാരായണൻകുട്ടി, അദിതി രവി തുടങ്ങിയ താരങ്ങളും വിഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചിട്ടുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടി മുക്തയും മകൾ കണ്മണിയെന്ന കിയാരയും. 'പത്താം വളവ്' എന്ന സിനിമയിലെ കിയാരയുടെ പ്രകടനത്തിന് വലിയ ശ്രദ്ധ ലഭിച്ചിരുന്നു. അഭിനയത്തിൽ സജീവമായ ഇരുവരും ഇടയ്ക്കിടെ മനോഹരമായ റീലുകളും ചെയ്യാറുണ്ട്. അതെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.