പ്രകൃതിയുടെ ഹൃദയത്തോട് ചേർന്ന് ജീവിക്കുന്ന ജീവി; ജോയ് കെ.മാത്യുവിന്റെ 'കങ്കാരു' ഡോക്യൂഫിക്ഷൻ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിച്ചു | Kangaroo

"ഭൂമിയുമായി ഒത്തുചേരുന്ന ഒരു ജീവിതചിന്തയാണ് കങ്കാരുക്കളെന്ന് ഉയർത്തിക്കാട്ടുന്നതാണ് ഡോക്യൂഫിക്ഷൻ"
Kangaroo
Published on

പ്രകൃതിയുടെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന, പ്രകൃതിയുടെ ഹൃദയത്തോട് ചേർന്ന് ജീവിക്കുന്ന കങ്കാരുവിനെ കുറിച്ച് ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ കടന്നുപോകുന്ന ഡോക്യൂഫിക്ഷന്റെ ചിത്രീകരണത്തിന് ബ്രിസ്ബെനിൽ തുടക്കമായി. മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷൻ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി, ചൈനീസ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നീ ഭാഷകളിലായാണ് പുറത്തിറക്കുന്നത്.

ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലുമായാണ് ചിത്രീകരണം. ഡോക്യുഫിക്ഷന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവമായ നടനും തിരക്കഥാകൃത്തും നിർമാതാവും സംവിധായകനുമായ ജോയ് കെ മാത്യു ആണ്.

ബ്രിസ്‌ബെൻ ഇൻഡോറൂപ്പിള്ളിയിൽ ജോയ് കെ. മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നടനും എഴുത്തുകാരനും ഛായാഗ്രാഹകനും സംവിധായകനുമായ പീറ്റർ ചിത്രീകരണോദ്ഘാടനം നിർവ്വഹിച്ചു. ബിഎംഎം പ്രസിഡന്റും എഡിറ്ററുമായ ഗ്ലെൻ, നടിമാരായ ജെന്നിഫർ, ലിയോണി, അലന, നടൻമാരായ പോൾ, നിജിൽ, ഫ്രഡി, ഡേവിഡ്, ടാസോ, ഛായാഗ്രാഹകൻ മുറായി എന്നിവർ സംസാരിച്ചു.

പ്രകൃതിയുടെ ഹൃദയത്തോട് ചേർന്ന് ജീവിക്കുന്ന കങ്കാരുവിന്റെ ജൈവ ശാസ്ത്രം, സംസ്കാരപരമായ പ്രാധാന്യം, മനുഷ്യൻ അനുഭവിക്കുന്ന പ്രകൃതിസംഘർഷം, പരിസ്ഥിതി നിലനിൽപ്പിന്റെ സങ്കീർണത തുടങ്ങിയവയിലൂടെ കങ്കാരുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ ദൃശ്യമാന ചരിത്രം സൃഷ്ടിക്കുകയാണ് ഡോക്യൂഫിക്ഷന്റെ ലക്ഷ്യം.

“കങ്കാരു ഓസ്‌ട്രേലിയയുടെ പ്രകൃതിക്കും മറ്റ് ജീവികൾക്കും വളരെയധികം പ്രയോജനം ചെയ്യുന്ന സവിശേഷത നിറഞ്ഞ മൃഗമാണ്. ഓസ്‌ട്രേലിയയുടെ ദേശീയ ചിഹ്നം മാത്രമല്ല, രാജ്യത്തിന്റെ ആവാസ വ്യവസ്ഥിതിയുടെ സുപ്രധാന ഘടകം കൂടിയാണിവ. ഭൂമിയുമായി ഒത്തുചേരുന്ന ഒരു ജീവിതചിന്തയാണ് കങ്കാരുക്കളെന്ന് ഉയർത്തിക്കാട്ടുന്നതാണ് ഡോക്യൂഫിക്ഷൻ." - സംവിധായകൻ ജോയ് കെ.മാത്യു പറഞ്ഞു.

"കുട്ടികളെയും മുതിർന്നവരെയും മാത്രമല്ല ജന്തുജാലങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവർക്കും ഈ ഡോക്യുഫിക്ഷൻ ഒരുപോലെ ഗുണം ചെയ്യും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷന്റെ ഭാവനാത്മക ദൃശ്യശേഷി ആകർഷകവും വിജ്ഞാനവും നിറഞ്ഞ അനുഭവമാകും." - അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ഗ്ലോബൽ മലയാളം സിനിമയുടേയും ബാനറിൽ നിർമ്മിക്കുന്ന ഈ ഡോക്യുഫിക്ഷന്റെ ചിത്രീകരണം 2026 സെപ്റ്റംബറിൽ പൂർത്തിയാക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും തിയറ്ററുകളിലും ടെലിവിഷനുകളിലും കൂടാതെ, എബിസി, ബിബിസി എർത്ത്, നെറ്റ്ഫ്ലിസ്, ഡോക്പ്ലേ, ആമസോൺ തുടങ്ങിയ പ്രൊഫഷണൽ പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കാനാണ് ലക്ഷ്യമെന്നും പ്രൊജക്റ്റ് കോഡിനേറ്റർ ഫിലിപ്പ് ഹ്യുബ് പറഞ്ഞു.

ആദം കെ. അന്തോണിക്ക് പുറമെ ജോയ് കെ. മാത്യു, പീറ്റർ, സൈമൺ വൂൾനഫ്, മുറായി എന്നിവരാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഓസ്ട്രേലിയയിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലും ചലച്ചിത്ര ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന നടീനടന്മാരേയും സാങ്കേതിക വിദഗ്‌ദ്ധരേയും ഉൾപ്പെടുത്തിയാണ് ഈ ഡോക്യൂഫിക്ഷൻ നിർമ്മിക്കുന്നത്. അണിയറ പ്രവർത്തകരുടെ കൂടുതൽ വിവരങ്ങളും ഡോക്യൂഫിക്ഷന്റെ പേരും പിന്നീട് വെളിപ്പെടുത്തുമെന്ന് ജോയ് കെ മാത്യു പറഞ്ഞു. പി ആർ ഒ എം കെ ഷെജിൻ.

Related Stories

No stories found.
Times Kerala
timeskerala.com