'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം'; ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത് | Valathuvashathe Kallan

ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടും
Jithu Joseph
Published on

കൊച്ചി: ഈസ്റ്റർ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്‍റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് സാമ്യമുള്ള സിനിമ എന്നാണ് ടൈറ്റിൽ സൂചിപ്പിക്കുന്നത്. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

ഒരു മേശയിൽ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർ‍ലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്. മേശയുടെ ഇരുവശങ്ങളിൽ രണ്ടുപേർ‍ ഇരിക്കുന്നതായും ചെറിയ സൂചന പോസ്റ്ററിലുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു കുറ്റാന്വേഷണ സിനിമയാണെന്നാണ് സൂചന. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ.

Related Stories

No stories found.
Times Kerala
timeskerala.com