

നടി ആക്രമിക്കപ്പെട്ട കേസിൽ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കപ്പെട്ട വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥയാണ് തുറന്ന് കാണിക്കപ്പെടുന്നതെന്ന് പാർവതി വിമർശിച്ചു. ‘എന്ത് നീതി? സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥ അതിക്രൂരമായി തുറക്കപ്പെടുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്’ എന്നാണ് പാർവതി കുറിച്ചത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം.
നടി രമ്യ നമ്പീശനും പ്രതികരണമായെത്തി. 'അവള്‍ക്കൊപ്പം' എന്നെഴുതിയ ചിത്രമാണ് രമ്യ പങ്കുവച്ചിരിക്കുന്നത്. നേരത്തെ നടി റിമ കല്ലിങ്കലും പിന്തുണയുമായെത്തിയിരുന്നു. 'അവള്‍ക്കൊപ്പം' എന്നെഴുതിയ ചിത്രത്തോടൊപ്പം 'എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോള്‍' എന്നും റിമ കുറിക്കുന്നുണ്ട്. തുടക്കം മുതലേ അതിജീവിതയ്‌ക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാര്‍വതിയും രമ്യയും.
എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ 'മുഖ്യ ആസൂത്രകൻ' എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരായ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.
അതേസമയം, ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും.