Chandu Salim Kumar

'കറുത്ത ആൾ തമിഴ് സിനിമയിലായിരിക്കും വരിക', നിറത്തിന്‍റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ടുണ്ടെന്ന് നടൻ ചന്തു സലിം കുമാര്‍ |Chandu Salim Kumar

"അച്ഛനെ തെറി പറയുന്നത് കണ്ടാണ് വളര്‍ന്നത്, ഇതൊന്നും എന്നെ ബാധിക്കുന്നതല്ല, ഇനിയാര്‍ക്കും കളിയാക്കി തളര്‍ത്താനാകില്ല, തോല്‍ക്കാത്ത ചന്തുവെന്ന് വേണമെങ്കില്‍ പറയാം"
Published on

ചെറുപ്പം മുതലേ നിറത്തിന്‍റെ പേരിൽ കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടൻ ചന്തു സലിം കുമാര്‍. നടനാകണമെന്ന് പറയുമ്പോൾ ഭാവിയിൽ തമിഴ് സിനിമയെത്തുമെന്നാണ് ആളുകൾ പറയാറുള്ളത്. അവിടെപ്പോയി രക്ഷപ്പെടും എന്നല്ല, കറുത്ത ആൾ തമിഴ് സിനിമയിലായിരിക്കും വരിക എന്ന കളിയാക്കലായിരുന്നു അതെന്നും ചന്തു ഒരഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു.

"ചെറുപ്പം മുതല്‍ ബുള്ളിയിങിലൂടെ തളര്‍ത്തിയ ഒരാളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ ഇതൊന്നും എന്നെ തളര്‍ത്തില്ല. ഞാന്‍ ഇതൊക്കെ കണ്ടാണ് വളര്‍ന്നത്. അച്ഛനെ തെറി പറയുന്നത് കണ്ടാണ് വളര്‍ന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നതല്ല. ഇനിയാര്‍ക്കും കളിയാക്കി തളര്‍ത്താനാകില്ല. തോല്‍ക്കാത്ത ചന്തുവെന്ന് വേണമെങ്കില്‍ പറയാം.

തുടക്കം മുതലേ സിനിമയുടെ ഭാ​ഗമാകണമെന്ന് മനസിൽ ആ​ഗ്രഹിച്ചിരുന്നു. പക്ഷെ, ചെറുപ്പം തൊട്ട് ഒരുപാട് ലുക്ക് ബേസ്ഡ് കളിയാക്കലുകൾ നേരിട്ട ഒരാളാണ് ഞാൻ. ഞാൻ ആക്ടറാണ്, അല്ലെങ്കിൽ ആക്ടർ ആകണം എന്നു പറയുമ്പോൾ ആളുകൾ പറഞ്ഞിരുന്നത് ഞാൻ ഭാവിയിൽ തമിഴ് സിനിമയിൽ ഉണ്ടാകും എന്നായിരുന്നു. അവിടെപ്പോയി രക്ഷപ്പെടും എന്നല്ല, കറുത്ത ആൾ തമിഴ് സിനിമയിലായിരിക്കും വരിക എന്ന കളിയാക്കലാണ് അത്. അങ്ങനെ ഒരുപാട് കേട്ടിട്ടുള്ളതുകൊണ്ട് തന്നെ ഒരു ആക്ടർ ആകണം എന്നൊരു ചിന്ത തുടക്കത്തിൽ പോയിരുന്നില്ല. അതുകൊണ്ട് സ്വന്തമായി കണ്ണാടിയിലൊക്കെ അഭിനയിച്ച് നോക്കുമ്പോൾ ഒരു രീതിയിലും എനിക്ക് സാറ്റിസ്ഫാക്ഷൻ ലഭിക്കാറില്ല. എന്നെ കണ്ടാൽ എനിക്ക് ഇഷ്ടപ്പെടാത്ത ഒരു സ്റ്റേജിലേക്കെത്തി.

പക്ഷെ കോളേജ് കാലത്ത് എനിക്കുണ്ടായിരുന്ന പ്രണയമാണ് എനിക്ക് കോൺഫിഡൻസ് തന്നത്. ആ കുട്ടിയാണ് എന്നെ കാണാൻ നന്നായിട്ടുണ്ട് എന്ന് ആദ്യമായി പറയുന്നത്. സ്ക്രീൻ പ്ലേ റൈറ്റിങ് പഠിച്ച് ഓസ്കാർ വാങ്ങണം എന്ന ആ​ഗ്രഹത്തിന്റെ പുറത്താണ് ബിഎ ലിറ്ററേച്ചർ പഠിക്കാൻ വന്നത് എന്നായിരുന്നു ഞാൻ പറഞ്ഞു നടന്നത്. വലിയ വലിയ ആ​ഗ്രഹങ്ങളാണ് എനിക്ക്. അതു കേട്ടാൽ എല്ലാവരും ചിരിക്കുമായിരുന്നു, പക്ഷെ, ആ കുട്ടി മാത്രം ചിരിച്ചില്ല. അത് ഒരു ബൂസ്റ്റായിരുന്നു." - ചന്തു സലീംകുമാർ പറഞ്ഞു.

Times Kerala
timeskerala.com