'96' ഹിന്ദിയിൽ ചെയ്യാനിരുന്നത്; വിജയ് സേതുപതിക്ക് പകരം അഭിഷേക് ബച്ചൻ | 96 Tamil Movie

96 യഥാർത്ഥത്തിൽ ഹിന്ദിയിലാണ് എഴുതിയതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ സി. പ്രേം കുമാർ
96
Published on

സി. പ്രേം കുമാർ തിരക്കഥയും സംവിധാനവും ചെയ്ത വിജയ് സേതുപതിയും തൃഷയും അഭിനയിച്ച '96' തെന്നിന്ത്യ ഏറെ ആഘോഷിച്ച ചിത്രമാണ്. രാമചന്ദ്രനും ജാനകിയും സ്‌കൂൾ കാലത്ത് പ്രണയിച്ചവരാണ്. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേർപിരിയുന്നു. പിന്നീട് 22 വർഷങ്ങൾക്കുശേഷം ഇരുവരും കണ്ടുമുട്ടുമ്പോഴുള്ള ഓർമകളും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

'96'ന്‍റെ രണ്ടാം ഭാഗം വരുമെന്ന് ചിത്രത്തിന്‍റെ സംവിധായകൻ പ്രേം കുമാർ തന്നെ പറഞ്ഞിരുന്നു. രണ്ടാം ഭാ​ഗത്തിന്റെ കഥ ഏകദേശം പൂർത്തിയായി എന്നും വിജയ് സേതുപതിയുടെ ഭാര്യക്ക് കഥ കേട്ട് ഇഷ്ടപ്പെട്ടു എന്നും പ്രേം കുമാർ നേരത്തെ പറഞ്ഞിരുന്നു. സി. പ്രേം കുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. തിരക്കഥക്ക് വിജയ് സേതുപതി സമ്മതം മൂളിയെന്നും റിപ്പോർട്ടുണ്ട്.

എന്നാലിപ്പോൾ സംവിധായകൻ പ്രേം കുമാർ ചിത്രത്തെ കുറിച്ച് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. "96 യഥാർത്ഥത്തിൽ ഹിന്ദിയിലാണ് എഴുതിയതെന്ന് ഇപ്പോൾ എനിക്ക് ധൈര്യത്തോടെ പറയാൻ കഴിയും. അഭിഷേക് ബച്ചനെയാണ് ഞാൻ അത് ഏൽപ്പിക്കാൻ ആഗ്രഹിച്ചത്. പക്ഷേ എനിക്ക് കോൺടാക്റ്റുകൾ ഉണ്ടായിരുന്നില്ല. അവിടെ എത്താൻ ഒരു മാർഗവും എനിക്കറിയില്ലായിരുന്നു. പിന്നെ അത് തമിഴിൽ നല്ല രീതിയിൽ സംഭവിച്ചു. എന്റെ സുഹൃത്ത് വിജയ് സേതുപതിയുടെ പിന്തുണ ഉണ്ടായിരുന്നതിനാൽ അത് സംഭവിച്ചു." - പ്രേം കുമാർ പറഞ്ഞു.

വായിക്കാനോ എഴുതാനോ അറിയില്ലെങ്കിലും ഹിന്ദി ഭാഷ നന്നായി മനസിലാകുമെന്ന് പ്രേം കുമാർ പറഞ്ഞു. "എന്റെ അച്ഛൻ തമിഴനാണെങ്കിലും വടക്കേ ഇന്ത്യയിലാണ് വളർന്നത്. അദ്ദേഹം നന്നായി ഹിന്ദി സംസാരിക്കും. എനിക്ക് ഹിന്ദി സിനിമയുമായി നിരന്തരം പരിചയമുണ്ടായിരുന്നു. ഹിന്ദി സിനിമയുടെ വ്യാപ്തിയാണ് 96 ഹിന്ദിയിൽ നിർമിക്കാനുള്ള തന്റെ ആഗ്രഹത്തിന് പിന്നിൽ." - പ്രേം കുമാർ കൂട്ടിച്ചേർത്തു.

"ഹിന്ദി പ്രേക്ഷകരുടെ വൈവിധ്യമാണ് പ്രധാന കാരണം. തമിഴ് വ്യവസായം എന്ന് പറഞ്ഞാൽ അത് തമിഴ്‌നാടാണ്. കന്നഡക്ക് അത് കർണാടക മാത്രമാണ്. ഹിന്ദിയിൽ, ഇത് നിരവധി സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്നു. വൈവിധ്യം വളരെ വലുതാണ്. നിങ്ങൾക്ക് നിങ്ങളുടെ സ്ക്രിപ്റ്റ് വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപിക്കാൻ കഴിയും."- പ്രേം കുമാർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com