
രൺബീർ കപൂർ നായകനാകുന്ന ‘രാമായണ’ സിനിമയുടെ ബജറ്റ് 4,000 കോടി രൂപ ആണെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രണ്ട് ഭാഗങ്ങളായുളള ബ്രഹ്മാണ്ഡ ചിത്രത്തിന് ഇത്രയും ചെലവ് വരുമെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു നിർമ്മാതാവിന്റെ അവകാശവാദം. ഇതിന് പിന്നാലെ രാമായണ സിനിമയുടെ ബജറ്റിൽ സംശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര പ്രവർത്തകർ.
4000 കോടി ബജറ്റ് എന്നത് അവിശ്വസനീയമാണെന്നാണ് സംവിധായകരും നിർമാതാക്കളും ഉൾപ്പെടെ അഭിപ്രായപ്പെടുന്നത്. ഒരു സിനിമയ്ക്കായി ഇത്രയും വലിയ നിക്ഷേപം നടത്തിയാൽ അത് തിരിച്ചുപിടിക്കാൻ മാത്രം കഴിവുളള ഏത് കമ്പനിയാണുളളതെന്നും ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയിട്ടുളള ഒരു സംവിധായകൻ ചോദിച്ചു.
“4000 കോടിയോ, നിങ്ങളെന്താ തമാശ പറയുകയാണോ, അവിശ്വസനീയമാംവിധം പെരുപ്പിച്ചുകാട്ടിയ കണക്കാണിത്, കേട്ടിട്ട് ചിരി വരുന്നു. അൽപമെങ്കിലും ബോധമുളള ഒരു നിർമാതാവോ അദ്ദേഹത്തിന്റെ നിക്ഷേപകരോ ഇത്രയും വലിയ തുകയ്ക്ക് റിസ്ക് എടുക്കില്ല" - അദ്ദേഹം പറഞ്ഞു. രാമായണം ആസ്പദമാക്കി ഒടുവിൽ ഇറങ്ങിയ ആദിപുരുഷിന്റെ നിർമാതാക്കളായ ടി സീരീസിന് അവരുടെ 650 കോടി നിക്ഷേപത്തിൽ 200 കോടിയുടെ നഷ്ടമുണ്ടായെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
"അവതാർ, ഡ്യൂൺ, മാട്രിക്സ്, ലോർഡ് ഓഫ് ദി റിങ്സ് എന്നീ ചിത്രങ്ങളെല്ലാം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുളള വിഷ്വൽ എഫക്ട്സുളള ചിത്രമായിരുന്നു. സിനിമ ഇറങ്ങുന്നതിന് മുൻപ് ആരും അതിനെ കുറിച്ച് സംസാരിച്ചില്ല. തങ്ങളുടെ സൃഷ്ടിയെ സ്വയം സംസാരിക്കാൻ അനുവദിക്കുകയായിരുന്നു."- എന്ന് രാമായണ അണിയറക്കാറെ പരിഹസിച്ച് സംവിധായകൻ സഞ്ജയ് ഗുപ്ത പറഞ്ഞു.