എയർ ഇന്ത്യ എക്‌സ്പ്രസും പത്മരാജൻ ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച 34-മത് പി. പത്മരാജൻ അവാർഡ് ദാന ചടങ്ങ് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്നു. പത്മരാജന്‍റെ 80-മത് ജന്മവാർഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. തൂവാനത്തുമ്പികൾ, കരിയിലക്കാറ്റ് പോലെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങള്‍ തനിക്ക് സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമായ പി. പത്മരാജനെകുറിച്ചുള്ള ഓർമ്മകൾ നടൻ മോഹൻലാൽ പങ്കുവെച്ചു. അവാർഡുകള്‍ മോഹൻലാൽ സമ്മാനിച്ചു.
മികച്ച നോവലിനുള്ള പത്മരാജൻ പുരസ്‌കാരം പട്ടുനൂൽപ്പുഴു എന്ന നോവലിന്‍റെ രചയിതാവ് എസ്.ഹരീഷിനും ചെറുകഥ പുരസ്‌കാരം ഇടമലയിലെ യാക്കൂബ് എന്ന കഥയ്ക്ക് പി.എസ്. റഫീഖിനും ലഭിച്ചു. മികച്ച സംവിധായകനും തിരക്കഥയ്ക്കുമുളള അവാർഡ് ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിൽ മുഹമ്മദിന് സമ്മാനിച്ചു. പ്രശസ്തി പത്രവും ക്യാഷ് പ്രൈസും മെമന്‍റോയും അടങ്ങുന്നതാണ് പുരസ്‌കാരം.
യുവ എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്ക് നൽകുന്ന 'എയർ ഇന്ത്യ എക്‌സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ അവാർഡ്' എന്ന സാഹിത്യ പുരസ്‌കാരത്തിന്‍റെ മൂന്നാം പതിപ്പ് ഐശ്വര്യ കമലയ്ക്ക് ലഭിച്ചു. ഐശ്വര്യയുടെ ആദ്യ നോവലായ വൈറസ് ആണ് അവാർഡിന് അർഹമായത്.
എയർ ഇന്ത്യ എക്‌സ്പ്രസ് ബോയിംഗ് 737-8 വിമാനത്തിന്‍റെ ടെയിലിന്‍റെ മാതൃകയിൽ ക്രിസ്റ്റലിൽ രൂപകല്‌പന ചെയ്ത അവാർഡ് ശില്‌പവും ജേതാവ് തിരഞ്ഞെടുക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഡെസ്റ്റിനേഷനിലേക്കും തിരിച്ചും പറക്കാനുളള ടിക്കറ്റും അടങ്ങുന്നതാണ് ‘എയർ ഇന്ത്യ എക്‌സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡ്.
പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ്കുമാർ ചെയർമാനായിരുന്ന ഫിലിം ജൂറിയിൽ ഛായാഗ്രാഹകൻ എസ്. കുമാറും ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണനും അംഗങ്ങളായിരുന്നു. ഉണ്ണി ആർ ചെയർമാനായിരുന്ന സാഹിത്യ ജൂറിയിൽ ജി.ആർ. ഇന്ദുഗോപൻ, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളായിരുന്നു.
കേരളത്തിന്‍റെ സമ്പന്നമായ സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള ആദരസൂചകമായി, എയർലൈനിന്‍റെ ബോയിംഗ് 737-8 വിമാനങ്ങളിലൊന്നിൽ, മനോഹരമായ കസവു തുണിത്തരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടെയിൽ ഡിസൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഏറ്റവും വിപുലമായ അന്താരാഷ്ട്ര കണക്റ്റിവിറ്റിയുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്, കൊച്ചിയിൽ നിന്ന് 145 ഉം, കോഴിക്കോട് നിന്ന് നൂറിലധികവും തിരുവനന്തപുരത്ത് നിന്നും കണ്ണൂരിൽ നിന്നും 60-ലധികവും വീതം വിമാന സർവീസുകൾ ഓരോ ആഴ്‌ചയും നടത്തുന്നുണ്ട്.
ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിന് ശേഷം ഈ വർഷത്തെ പുരസ്‌കാരം നേടിയ ഫെമിനിച്ചി ഫാത്തിമ എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു. പി. പത്മരാജന്‍റെ സിനിമകളിലെ ഗാനങ്ങൾ ഉൾക്കൊള്ളുന്ന വയലിൻ സോളോയും അരങ്ങേറി.