
സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ ചലച്ചിത്ര മേള കൂടുതൽ ശ്രദ്ധേയമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മികച്ച ദൃശ്യാനുഭവം നൽകിയ മേളയുടെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കപ്പെട്ടത് ഹോങ്കോങ് സംവിധായിക ആൻ ഹുയിയും അഭിനേത്രി ശബാന ആസ്മിയുമാണ്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ചത് സംവിധായിക പായൽ കപാഡിയക്കാണ്. ആകെ പ്രദർശിപ്പിച്ച 177 സിനിമകളിൽ 40 ൽ പരം ചിത്രങ്ങളും സ്ത്രീ സംവിധായകരുടേതാണ്. മേളയുടെ സിഗ്‌നേച്ചർ ഫിലിമിലൂടെ ആദരിക്കപ്പെട്ടത് നമ്മുടെ ആദ്യ നായിക പി കെ റോസിയാണ്.
സ്ത്രീപക്ഷ കാഴ്ച്ചപ്പാട് ഉയർത്തിപ്പിടിച്ച മേള ഒരുമയുടെയും ഐക്യത്തിന്റെയും വേദിയായി മാറിയത് ഏറെ സന്തോഷം നൽകുന്നു. ചലച്ചിത്ര പ്രവർത്തകരുടെ അഭൂതപൂർവമായ പങ്കാളിത്തവും നിർലോഭമായ സഹകരണവും മേളയെ വൻ വിജയമാക്കി തീർത്തു. ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു ആശംസിച്ചു.