കൊട്ടാരക്കര: തന്റെ വിശ്വാസങ്ങളെയും സംസ്‌കാരത്തെയും കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ താൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്ന് പ്രശസ്ത നടി അനുശ്രീ (Anusree Hindu identity statement). കൊട്ടാരക്കരയിൽ നടന്ന ഹിന്ദു ഐക്യവേദി സമ്മേളനത്തിൽ മുഖ്യതിഥിയായി സംസാരിക്കവേയാണ് താരം തന്റെ നിലപാടുകൾ വീണ്ടും ആവർത്തിച്ചത്. ഹിന്ദു എന്നത് ഒരു മതം എന്നതിലുപരി ഒരു സംസ്‌കാരവും ധാർമികതയുമാണെന്നും താരം പറഞ്ഞു.
താൻ വിശ്വസിക്കുന്ന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നതിൽ യാതൊരു കുറ്റബോധവുമില്ലെന്ന് അനുശ്രീ വ്യക്തമാക്കി.”ഹിന്ദുവാണെന്നും ആ സംസ്‌കാരത്തിൽ ജീവിക്കാനാണ് ആഗ്രഹമെന്നും തുറന്നുപറയുന്ന ഒരാളാണ് ഞാൻ. ആ തുറന്നുപറച്ചിലിന്റെ പേരിൽ വലിയ ഭവിഷ്യത്തുകൾ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിലൊന്നും എനിക്ക് അഭിമാനക്കുറവ് തോന്നിയിട്ടില്ല.”
കുട്ടിക്കാലത്ത് ബാലഗോകുലത്തിൽ പോയതാണ് തന്റെ സംസ്‌കാരത്തോട് ഉറച്ചുനിൽക്കാൻ സഹായിച്ചതെന്ന് താരം പറഞ്ഞു. അവിടെ പോയത് മതം പഠിക്കാനോ തീവ്രവാദം നടത്താനോ അല്ല, മറിച്ച് കഥകൾ കേൾക്കാനും കടമകൾ തിരിച്ചറിയാനുമാണെന്നും അനുശ്രീ കൂട്ടിച്ചേർത്തു.
ഇന്നത്തെ തലമുറയ്ക്ക് ഹൈന്ദവ സംസ്‌കാരത്തെക്കുറിച്ച് അറിവില്ലാത്തത് നമ്മുടെ സംസ്‌കാരം താഴേക്ക് പോകാൻ കാരണമാകുന്നുവെന്ന് നടി ആശങ്ക പ്രകടിപ്പിച്ചു.
നേരത്തെ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി വേഷമിട്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ചെറുപ്പം മുതലേ താൻ ശോഭയാത്രകളിൽ പങ്കെടുക്കാറുണ്ടെന്നും അതിൽ രാഷ്ട്രീയമില്ലെന്നും അന്നും അനുശ്രീ മറുപടി നൽകിയിരുന്നു.
Story Summary:
Malayalam actress Anusree stated that she has faced many consequences for openly expressing her Hindu identity and cultural beliefs. Speaking at a conference in Kottarakkara, she emphasized that being Hindu is a culture and a moral value for her, not just a religion. Reflecting on her association with Balagokulam, she said those experiences helped her stay rooted in her values despite criticisms.

