സാക്ഷരതാ മിഷന്‍ വഴി ഇനി ബിരുദ പഠനവും

HC cancels KEAM exam result
Published on

സംസ്ഥാന സാക്ഷരതാ മിഷന്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നു. ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളുടെ തുടര്‍പഠനം എന്ന നിലയിലാണ് ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സാക്ഷരതാ മിഷന്‍ വഴി ഈ വര്‍ഷം 770 പേര്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ പാസായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലായി ഏതാണ്ട് ആറായിരത്തിലധികം പേര്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പാസായി. ഇവരില്‍ ഭൂരിഭാഗം പേരും ഡിഗ്രി പഠനത്തിന് താല്‍പര്യമുള്ളവരാണ്. സാക്ഷരത മിഷനിലൂടെ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇതുവഴിതന്നെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കുന്നതിനാണ് ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നത്. ബിരുദ പഠനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മുഖേന സാമ്പത്തിക സഹായവും ലഭ്യമാക്കും. തുല്യതാ പഠനത്തിനുശേഷം ബിരുദത്തിന് ചേരുന്നവര്‍ക്ക് പ്രത്യേക പഠന ക്ലാസുകളും അക്കാദമിക സഹായവും സാക്ഷരതാ മിഷന്‍ ലഭ്യമാക്കും.

ഇതിന്റെ ഭാഗമായി ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് സെപ്റ്റംബര്‍ 23 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ബിരുദ പഠന സെമിനാര്‍ സംഘടിപ്പിക്കും. ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി ജഗതിരാജ് സെമിനാറിന് നേതൃത്വം നല്‍കും. ഇതോടൊപ്പം നടക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി ഒലീന മുഖ്യാതിഥിയാകും. ഫുള്‍ എ പ്ലസ് നേടിയ പഠിതാവ്, പ്രായം കൂടിയ പഠിതാവ്, 100 ശതമാനം വിജയം നേടിയ പഠനകേന്ദ്രം, ജനപ്രതിനിധികള്‍, ഓരോ പഠന കേന്ദ്രത്തില്‍ നിന്നും മികച്ച സ്‌കോര്‍ നേടിയ പഠിതാവ് എന്നിവരെ പരിപാടിയില്‍ അനുമോദിക്കും.

Related Stories

No stories found.
Times Kerala
timeskerala.com