“സൂര്യനെക്കാൾ തിളക്കമുള്ള ഒരു സ്ത്രീ”, മാതാവിന്റെ ദർശനമേറ്റ ഫാത്തിമ ദേവാലയം | Sanctuary of Our Lady of Fátima

“സൂര്യനെക്കാൾ തിളക്കമുള്ള ഒരു സ്ത്രീ”,  മാതാവിന്റെ ദർശനമേറ്റ ഫാത്തിമ ദേവാലയം | Sanctuary of Our Lady of Fátima
Published on

ലോകത്തിലെ ഏറ്റവും മനോഹരമായ മത സങ്കേതങ്ങളിൽ ഒന്നാണ് പോർച്ചുഗലിലെ ഫാത്തിമ മാതാ ദേവാലയം (Sanctuary of Our Lady of Fátima). ലോകത്തിൻ്റെ നാല് കോണുകളിൽ നിന്നുള്ള ക്രിസ്ത്യാനികളുടെ പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ് ഫാത്തിമ ദേവാലയം. കരുണയുടെയും വാത്സല്യത്തിന്റെയും പ്രതീകമായ ദൈവമാതാവിന്റെ പുണ്യ സ്ഥാനങ്ങളിൽ ഒന്നാണ് ഇവിടം. പോർച്ചുഗലിലെ ചെറു പട്ടണമായ ഫാത്തിമ ലോകശ്രദ്ധ നേടുന്നത് മാതാവിന്റെ ദർശനത്തോടുകൂടിയാണ്. മൂന്ന് ആട്ടിടയരായ ബാലകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ദൈവമാതാവും, മാതാവിന്റെ അനുഗ്രഹവും പട്ടണത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിച്ചു. മാതാവിന്റെ ദർശനമേറ്റ ഫാത്തിമ ലോകത്തിന്റെ നെറുകൈയിലെ പുണ്യ സങ്കേതമായി.

ഫാത്തിമ പട്ടണത്തിന്റെ സമീപ പ്രദേശത്ത് ജീവിച്ചിരുന്ന മൂന്ന് കുട്ടികളുടെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെടുന്നതോടെയാണ് അത്ഭുതങ്ങളുടെ തുടക്കം. 1917 മെയ് 13 ന്, വില നോവ ഡി ഔറം പട്ടണത്തിലെ ഫാത്തിമയിലെ ഇടവകയായ കോവ ഡ ഇരിയയിൽ മൂന്ന് കുട്ടികൾ അവരുടെ ചെറിയ ആട്ടിൻകൂട്ടത്തെ മേയ്ക്കുകയായിരുന്നു. പത്തുവയസുകാരി ലൂസിയ ഡി ജീസസ്, അവളുടെ ബന്ധുക്കളായ ഒൻപത് വയസുകാരനായ ഫ്രാൻസിസ്കോയും ഏഴുവയസുകാരിയായ ജസീന്ത മാർട്ടോയും അവർ പതിവ് പോലെ കളിച്ചും ചിരിച്ചും ആട്ടിൻകൂട്ടത്തെ മേയ്ച്ചുനടന്നു.

ഉച്ചയ്ക്ക് പതിവുപോലെ, ജപമാല ചൊല്ലി പ്രാർത്ഥിച്ച ശേഷം, ഇപ്പോൾ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് ചിതറിക്കിടക്കുന്ന കല്ലുകൾ കൊണ്ട് അവർ ഒരു ചെറിയ വീട് പണിയുകയായിരുന്നു. പെട്ടെന്ന് അവർ ആകാശത്ത് നിന്നും തിളക്കമുള്ള ഒരു വെളിച്ചം കണ്ടു, എന്നാൽ അത് മിന്നലാണെന്ന് കരുതി കുട്ടികൾ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. മഴ പെയ്യുന്നതിനു മുൻപ് വീട്ടിൽ എത്തുവാൻ കുന്നിന്റെ ചെരുവിലൂടെ താഴേക്ക് ഇറങ്ങുകയായിരുന്ന അവർ പിന്നെയും മിന്നലിനെ കാണുന്നു. എന്നാൽ ഇത്തവണ ആദ്യത്തതിനെക്കാൾ പ്രകാശത്തിന്റെ ശക്തി വളരെ വലുതായിരുന്നു. പ്രകാശം പരന്ന ഇടത്തേക്ക് കുട്ടികൾ നോക്കിയപ്പോൾ കണ്ടത് താഴ്വരയിലെ ഓക്ക് മരത്തിന്റെ അടുത്ത് പ്രത്യക്ഷപ്പെട്ട മാതാവിനെയായിരുന്നു. "സൂര്യനെക്കാൾ തിളക്കമുള്ള ഒരു സ്ത്രീ", എന്നായിരുന്നു കുട്ടികൾ മാതാവിന്റെ രൂപത്തെ വർണ്ണിച്ചത്.

മാതാവിന്റെ ദർശനം കണ്ടതും കുട്ടികൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും മാതാവ് അവരോടു സംസാരിക്കുന്നു. ഇടയ്ക്കിടെ പ്രാർത്ഥിക്കാനും അഞ്ച് മാസത്തേക്ക് എല്ലാ മാസവും 13-ാം തീയതി കോവ ഡ ഇറിയയിലേക്ക് മടങ്ങിയെത്തുവാനും ആവശ്യപ്പെട്ടു. 1917 മെയ് മുതൽ ഒക്ടോബർ വരെ എല്ലാ 13-ാം തീയതി കുട്ടികൾ ഇവിടേക്ക് തിരികെ എത്തി, അപ്പോഴൊക്കെയും ഇവർക്ക് മാതാവിന്റെ ദർശനം ഉണ്ടായി. കുട്ടികൾ മലമുകളിൽ കണ്ട മാതാവിനെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുവെങ്കിലും പലരും കുട്ടികൾ കളവു പറയുന്നതാണ് എന്ന് കരുതി. കുട്ടികൾ പറയുന്നത് കെട്ടുകഥകൾ മാത്രമാണ് എന്ന് വരുത്തി തീർക്കുവാൻ അധികാരികൾ അവരാൽ കഴിയുന്നതുപോലെ കുട്ടികളുടെ മേൽ സമ്മർദ്ദം ചെലുത്തുവാൻ ശ്രമിച്ചു. കുട്ടികൾ ഇതിലൊന്നും വഴങ്ങാതെ വന്നതോടെ ഓഗസ്റ്റ് 13 ന് കുട്ടികളെ ജയിലിൽ അടയ്ക്കുന്നു. രണ്ടു ദിവസം കഴിഞ്ഞ് ജയിൽ മോചിതരായ കുട്ടികൾ ദർശനത്തിനായി കോവ ഡ ഇറിയയിലേക്ക് എത്തുന്നു. അങ്ങനെ ഓഗസ്റ്റ് 19 ന് മാതാവിന്റെ ദർശനം കുട്ടികൾക്ക് ലഭിക്കുന്നു.

കുട്ടികൾ പറയുന്നത് സത്യമാണ് എന്ന് പലരും വിശ്വസിച്ചു, പക്ഷെ അപ്പോഴും നിരവധി പേർ ഇത് വെറും കുട്ടികളുടെ മിഥ്യാധാരണയാണെന്ന് പ്രചരിപ്പിക്കുവാൻ തുടങ്ങി. തങ്ങൾ പറയുന്നത് ജനങ്ങൾ വിശ്വസിക്കുവാൻ വേണ്ടി മാതാവ് ഒരു അത്ഭുതം പ്രവർത്തിക്കണം എന്ന് ഒടുവിൽ കുട്ടികൾ മാതാവിനോട് തന്നെ ആവശ്യപ്പെടുന്നുണ്ട്. കുട്ടികളുടെ ആവശ്യപ്രകാരം ഒക്ടോബർ 13 ന് ഫാത്തിമയിൽ നടന്ന അത്ഭുതമാണ് മിറാക്കിൾ ഓഫ് സൺ (Miracle of Sun) അഥവാ മിറാക്കിൾ ഓഫ് ഫാത്തിമ (Miracle of Fathima). ഏകദേശം എഴുപതിനായിരത്തിൽ അധികം ജനങ്ങളാണ് മാതാവ് പ്രവർത്തിക്കുന്ന അത്ഭുതം നേരിട്ട് കാണുവാനായി എത്തിയത്.

അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. മഴയ്ക്ക് ശേഷം മേഘങ്ങൾ മാറി സൂര്യൻ പ്രത്യക്ഷമാകുന്നു. ആദ്യം മങ്ങിയ നിറത്തിലായിരുന്ന സൂര്യൻഎന്നാൽ പെട്ടെന്ന് പല നിറത്തിലുള്ള വെളിച്ചം പുറപ്പെടുവിക്കുകയും അന്തരീക്ഷത്തിലെ ചൂട് കൂടുകയും ചെയ്തു. സൂര്യൻ ഭൂമിയെ പതിക്കുവാൻ പോകുന്നതായി അവർക്ക് തോന്നി. ജനങ്ങൾ നാലുപാടും ചിതറി ഓടുവാൻ തുടങ്ങി. തുടർച്ചയായി മൂന്ന് തവണ ഇങ്ങനെ ആവർത്തിച്ചു, ഏകദേശം പത്തുമിനിറ്റോളം ഈ പ്രതിഭാസം നീണ്ടുനിന്നു. അടുത്ത ദിവസത്തെ പത്രത്തിലെ പ്രധാന തലക്കെട്ടായി മിറാക്കിൾ ഓഫ് സൺ മാറിയിരുന്നു. ഈ സംഭവത്തെ കുറിച്ച് അറിയുവാനായി സഭ അന്വേഷണം ആരംഭിച്ചു.

ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 1930 ഒക്ടോബർ 13 ന് സഭ ഇത് വിശ്വാസ യോഗ്യമാണ് എന്നും അന്ന് അവർ കണ്ടത് മാതാവിന്റെ അത്ഭുതം ആണെന്നും പ്രഖ്യാപിക്കുന്നു. ഇതേ തുടർന്ന് ഫാത്തിമ മാതാവിനോടുള്ള പ്രാർത്ഥനയെ ഔദ്യോഗികമായി അംഗീകരിക്കുന്നു. അന്ന് മുതൽ മാതാവ് ലോകാരുടെ ശാന്തിയുടെയും സമാധാനത്തിന്റെ പ്രതികമായി മാറി. ഫാത്തിമയിലെ മാതാവിന്റെ ദർശനവും അത്ഭുതവും അഗോളത്തലത്തിൽ ശ്രദ്ധേ നേടി. മാതാവിന്റെ ദർശനം പതിഞ്ഞ ഫാത്തിമ പുണ്യ നഗരിയായി വിശേഷിപ്പിക്കപ്പെട്ടു.

1918 ൽ യൂറോപ്പിൽ പടർന്നു പിടിച്ച സ്‍പാനിഷ് ഫ്ലൂ പിടിപ്പെട്ട ഫ്രാൻസിസ്കോയും ജസീന്ത മാർട്ടോയും മരണമടയുന്നു. ഫ്രാൻസിസ് മാർപാപ്പ 2017 ൽ ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നു. ലൂസിയ പിൽകാലത് കന്യാസ്ത്രീ ആവുകയും തന്റെ ജീവിതം മാതാവിനായി മാറ്റിവയ്ക്കുകയും ചെയ്തു. 2005 ൽ 97 വയസിൽ ലൂസിയ മരണപ്പെട്ടു. 1928 ൽ മാതാവിന്റെ ദർശനം ലഭിച്ച ഓക്ക് മരത്തിന്റെ സ്ഥാനത്തു ഫാത്തിമ മാതാവിനായി ചാപ്പൽ ഓഫ് ദി അപ്പരിഷൻസ് ( Chapel of the Apparitions) പണിതീർക്കുന്നു. പിൽക്കാലങ്ങളിൽ പള്ളി പുതുക്കി പണിത് നിലവിലേതു വിപുലീകരിക്കുകയായിരുന്നു. പള്ളിയിലെ ഫാത്തിമ മാതാവിന്റെ രൂപം കുട്ടികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മാതാവിന്റെ രൂപത്തിന് സമാനമാണ്. ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ദി റോസറി (Basilica of Our Lady of the Rosary) ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ്.

Related Stories

No stories found.
Times Kerala
timeskerala.com