
ജൈന മതത്തിന്റെ സാംസ്കാരിക പൈതൃകത്തിൻ്റെയും വാസ്തുവിദ്യാ വൈഭവത്തിൻ്റെയും തെളിവായി നിലകൊള്ളുന്ന ഗുജറാത്തിലെ ഹുതീസിങ് ജൈനക്ഷേത്രം (Hutheesing Jain Temple). പതിനഞ്ചാം ജൈന തീർത്ഥങ്കരനായ ധർമ്മനാഥന് (Dharmanatha) സമർപ്പിച്ചിരിക്കുന്ന ഈ വാസ്തുവിദ്യാ അത്ഭുതം ഒരു ആരാധനാലയം മാത്രമല്ല, മറിച്ച് കാലാതീതമായ കലാസൃഷ്ടിയുടെയും ആത്മീയ പവിത്രതയുടെ ജീവനുള്ള പ്രതികമാണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഹുതീസിങ് ജൈനക്ഷേത്രം സ്ഥിതിചെയുന്നത്.
ഗുജറാത്ത് ജൈനമതത്തിന്റെ ഒരു പ്രധാന മതകേന്ദ്രമാണ്, നിരവധി ജൈന തീർത്ഥാടന കേന്ദ്രങ്ങളാൽ ഇവിടം സമ്പന്നമാണ്. അഹിംസ, ആത്മനിയന്ത്രണം, ആത്മീയ വളർച്ച എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ജൈനമത തത്വങ്ങളുടെ തെളിവാണ് ഹുതീസിങ് ജൈനക്ഷേത്രം. ക്ഷേത്രത്തിലെ സങ്കീർണ്ണമായ കൊത്തുപണികളും, മനോഹരമായ ശിൽപങ്ങളും, അതിശയകരമായ വാസ്തുവിദ്യയും ലാളിത്യം, വിനയം, ഭക്തി എന്നിവയുടെ ജൈന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു.
അഹമ്മദാബാദിലെ സമ്പന്ന വ്യാപാരിയായിരുന്ന ഷെത്ത് ഹാതിസിങ് കേസരിസിങ്ങാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ഷെത്ത് ഹാതിസിങ്ങിന്റെ മരണ ശേഷം അദ്ദഹത്തിന്റെ ഭാര്യയുടെ മേൽനോട്ടത്തിലാണ് ക്ഷേത്ര നിർമ്മിതി പൂർത്തിയാകുന്നത്. 1850 ൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നു. പതിനഞ്ചാമത്തെ തീർത്ഥങ്കരനായ ധർമ്മനാഥിനാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.
വാസ്തുവിദ്യയുടെ മാസമാരിക ലോകം
മനോഹരമായി കൊത്തിയെടുത്ത അലങ്കാര കവാടത്തിലൂടെ വിശാലമായ ക്ഷേത്ര പരിസരത്തേക്ക് പ്രവേശിക്കുമ്പോൾ ശാന്തിയുടെയും സമാധാനത്തിന്റെയും മറ്റൊരു മാസമാരിക ലോകത്തേക്ക് ക്ഷേത്രം നിങ്ങളെ കൂട്ടികൊണ്ടു പോകുന്നു. പരമ്പരാഗത ജൈന ശൈലിയുടെ മിശ്രിതമാണ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ, ഇത് പ്രദേശത്തിന്റെ സാംസ്കാരികവും കലാപരവുമായ സ്വാധീനങ്ങളെ പ്രതിഫലിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ പുറംഭാഗം സങ്കീർണ്ണമായ കൊത്തുപണികളും ശിൽപങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു, അതേസമയം ഉൾഭാഗം മാർബിളിന്റെയും കല്ലിന്റെയും അതിശയകരമായ ഒരു നിരയാണ്. പതിനഞ്ചാമത്തെ തീർത്ഥങ്കരനായ ധർമ്മനാഥിന്റെ വിഗ്രഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിപ്പിച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രത്തിന് ചുറ്റും 52 ചെറിയ ക്ഷേത്രങ്ങളുണ്ട്, ഓരോന്നും വ്യത്യസ്ത ജൈന തീർത്ഥങ്കരന്മാർക്ക് സമർപ്പിച്ചിരിക്കുന്നു.
238 ശിലാചിത്രങ്ങളും 21 യന്ത്രങ്ങളും ഉൾക്കൊള്ളുന്ന നടുമുറ്റം ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമാണ്. 78 അടി ഉയരമുള്ള മനസ്തംബം (Manastambha) ക്ഷേത്രത്തിൻ്റെ ശ്രദ്ധേയമായ സവിശേഷതയാണ്. രാജസ്ഥാനിലെ പ്രശസ്തമായ ദിൽവാര ജൈന ക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹുതീസിങ് ജൈനക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ജൈനമതം, വാസ്തുവിദ്യ, സംസ്കാരം, ആത്മീയത എന്നിവയിൽ താൽപ്പര്യമുള്ള ഏതൊരാളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഹുതീസിങ് ജൈനക്ഷേത്രം.