
തൃശൂർ: പൂരം അലങ്കോലമായ സംഭവത്തിൽ എ ഡിജി പി എം ആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികരണമറിയിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. ഇത് സ്വന്തം വീഴ്ച്ച മറച്ചുവയ്ക്കാനുള്ള ശ്രമമാണെന്നും, അജിത് കുമാറിൻ്റെ റിപ്പോർട്ട് പോലീസ് സംവിധാനത്തിന് തന്നെ നാണക്കേടാണെന്നും ആണ് തിരുവമ്പാടി ദേവസ്വം പ്രതിനിധിയായ ഗിരീഷ് വ്യക്തമാക്കിയത്.( Thiruvambady Devaswom against MR Ajith Kumar )
പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം ബോർഡ് പ്രതിനിധികളാണെന്ന റിപ്പോർട്ട് കേൾക്കുമ്പോൾ തന്നെ ലജ്ജ തോന്നുന്നുവെന്നും, ഇത്ര വിപുലമായി അന്വേഷണം നടത്തിയിട്ടും പൂരം കലക്കലിന് പിന്നിലെ കാരണം കണ്ടെത്താനായില്ലെങ്കിൽ കേരള പോലീസ് വൻ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.
ഇനി ഈ കേസ് കേരള പോലീസ് അല്ല, സി ബി ഐ ആണ് അന്വേഷിക്കേണ്ടതെന്നാണ് ഗിരീഷ് പറഞ്ഞത്. ആരാണ് തെറ്റ് ചെയ്തതെന്ന് സി ബി ഐ കണ്ടുപിടിക്കട്ടെയെന്നും, തിരുവമ്പാടി ദേവസ്വം ഏതു തരത്തിലുള്ള അന്വേഷണം നേരിടാനും തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
എ ഡി ജി പി അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തെ പേരെടുത്ത് വിളിച്ചാണ് വിമർശിച്ചത്.