
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല തീർത്ഥാടകർ ഉറപ്പായും ആധാർ കാർഡിൻ്റെ പകർപ്പ് കയ്യിൽ കരുതണമെന്ന് അറിയിച്ച് രംഗത്തെത്തി.( Sabarimala online booking)
പ്രതിദിനം വെർച്വൽ ബുക്കിങ് 70,000 പേര്‍ക്കാണ്. ഇതിനു പുറമെ പതിനായിരം പേർക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും. ഇക്കാര്യം അറിയിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്താണ്.
റിയൽ ടൈം ഓൺലൈൻ ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത് വണ്ടിപ്പെരിയാര്‍, പമ്പ, എരുമേലി എന്നിവിടങ്ങളിലാണ്. ആധാർ കാർഡ് ബുക്കിങ്ങിന് നിർബന്ധമാണെന്നും, സ്പോട്ട് ബുക്കിംഗ് ചെയ്യുന്നവർക്ക് ഫോട്ടോ പതിച്ച പാസ് നൽകാനും, ഈ സീസണിൻ്റെ തുടക്കം മുതൽ തന്നെ ഭക്തർക്ക് 18 മണിക്കൂർ ദർശനം അനുവദിക്കാനും തീരുമാനമായതായി വാർത്താസമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.
പുലർച്ചെ മൂന്നു മണിക്ക് നട തുറക്കുമെന്നും, രാത്രി 11 മണി വരെ നട തുറന്നിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഭക്തർക്ക് ഉറപ്പാക്കുമെന്നും, വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത് എത്തുന്നവരിൽ ആരെങ്കിലും മരണപ്പെടുന്ന പക്ഷം അവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു.