
പത്തനംതിട്ട: ശബരിമല മണ്ഡല പൂജ സംബന്ധിച്ച് ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അറിയിച്ച് ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ രംഗത്തെത്തി. ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും, തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായുമാണ് ഈ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.(Sabarimala Mandala Puja Restrictions)
ഈ ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000-60,000 വരെയായി ക്രമീകരിക്കുന്നതായിരിക്കും. സ്പോട്ട് ബുക്കിങ് 5000 ആക്കിയിട്ടുണ്ട്.
അതോടൊപ്പം 25ന് ഉച്ച കഴിഞ്ഞ് ഒന്നിന് ശേഷം പരമ്പരാഗത പാതയിലൂടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമേർപ്പെടുത്തി. തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തി വൈകിട്ട് 6.15ന് സന്നിധാനത്ത് എത്തിച്ചേരുന്നതിനാൽ പമ്പയിൽ നിന്ന് വൈകിട്ട് 5നു ശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടുമെന്നും കളക്ടർ അറിയിച്ചു.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര പുറപ്പെട്ടിരുന്നു. ആനക്കൊട്ടിലിൽ വച്ച് തങ്ക അങ്കി ദർശനം നടന്നു. പോലീസിൻ്റെ അകമ്പടിയോടെ ആയിരുന്നു ഘോഷയാത്ര ആരംഭിച്ചത്.