
ചെന്നൈ: ക്ഷേത്രങ്ങള്‍ റീല്‍സ് എടുക്കാനുള്ള വേദിയല്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തില്‍ റീല്‍സ് എടുക്കാന്‍ പാടില്ലെന്നും കോടതി അറിയിച്ചു.(Madras High Court )
ഇത്തരത്തിൽ ക്ഷേത്രങ്ങളെ റീല്‍സിന് വേദിയാക്കുന്നവര്‍ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നവരാണെന്നാണ് ഹൈക്കോടതിയുടെ ചോദ്യം.
ഈ വിലയിരുത്തൽ ഉണ്ടായത് ചെന്നൈ തിരുവേര്‍കാട് ദേവി കരുമാരി അമ്മന്‍ ക്ഷേത്രത്തില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചിത്രീകരിച്ച ട്രസ്റ്റിക്കും വനിതാ ജീവനക്കാര്‍ക്കുമെതിരെയുള്ള കേസ് പരിഗണിക്കുന്ന അവസരത്തിലാണ്. ഇവർക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം വകുപ്പിന് കോടതി നിർദേശം നൽകി. ജസ്റ്റിസ് എം ദണ്ഡപാണിയുടേതാണ് ഉത്തരവ്.
സിനിമാ ഗാനങ്ങൾക്ക് അനുസരിച്ച് ഇവർ നൃത്തം ചെയ്യുകയും, സിനിമാ ഡയലോഗുകൾ അനുകരിച്ച് കോമിക് ഇൻസ്റ്റാഗ്രാം റീലുകൾ എടുക്കുകയുമായിരുന്നു. ക്ഷേത്രത്തിനുള്ളിൽ വച്ചായിരുന്നു വീഡിയോ ചിത്രീകരണം.
ദേവതയുടെ വിഗ്രഹത്തിന് മുന്നില്‍ ക്ഷേത്ര ട്രസ്റ്റി വളര്‍ത്തുമതിയും, വനിതാ ജീവനക്കാരുടെ സംഘവും ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചത് തമിഴ് പുതുവത്സര ദിനത്തിലാണ്.
സ്‌പെഷ്യല്‍ ഗവണ്‍മെൻറ് പ്ലീഡര്‍ അരുണ്‍ നടരാജനോട് കോടതി നിർദേശമനുസരിച്ച് നടപടിയെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി ഒക്ടോബർ 29നുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.