മത്തങ്ങ കൊത്തി രൂപങ്ങൾ ഉണ്ടാക്കുന്ന ആചാരത്തിന് പിന്നിൽ "ജാക്ക്-ഓ-ലാന്റേൺ" എന്നറിയപ്പെടുന്ന രസകരവും എന്നാൽ അല്പം പേടിപ്പെടുത്തുന്നതുമായ ഒരു ഐറിഷ് നാടോടിക്കഥയുണ്ട്... (Pumpkin Carving and Jack-o'-lantern)
പണ്ട് പണ്ട്, അയർലൻഡിൽ "സ്റ്റിഞ്ചി ജാക്ക്" എന്ന് പേരുള്ള ഒരാൾ ജീവിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അയാൾ ഭയങ്കര പിശുക്കനും കുസൃതിക്കാരനുമായിരുന്നു. ആളുകളെ പറ്റിക്കുന്നതിൽ അയാൾക്ക് പ്രത്യേക ഒരു കഴിവുണ്ടായിരുന്നു. ഒരിക്കൽ ജാക്ക് സാക്ഷാൽ പിശാചിനെപ്പോലും പറ്റിക്കാൻ തീരുമാനിച്ചു. ജാക്കിന്റെ ആത്മാവിനെ കൊണ്ടുപോകാൻ വന്ന പിശാചിനോട്, മരിക്കുന്നതിന് മുൻപ് അവസാനമായി മദ്യം കഴിക്കാൻ ജാക്ക് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ കയ്യിൽ പണമില്ലാത്തതിനാൽ, പിശാചിനോട് ഒരു സ്വർണ്ണ നാണയമായി മാറാൻ ജാക്ക് ആവശ്യപ്പെട്ടു. പിശാച് നാണയമായി മാറിയ ഉടനെ, ജാക്ക് ആ നാണയം തന്റെ കീശയിലിട്ടു. ആ കീശയിൽ ഒരു വെള്ളി കുരിശുണ്ടായിരുന്നതിനാൽ പിശാചിന് തിരികെ പഴയ രൂപത്തിലാകാൻ കഴിഞ്ഞില്ല. ഒടുവിൽ പത്ത് വർഷത്തേക്ക് തന്നെ ശല്യം ചെയ്യില്ലെന്ന് ഉറപ്പ് വാങ്ങിയ ശേഷമാണ് ജാക്ക് പിശാചിനെ മോചിപ്പിച്ചത്.
വർഷങ്ങൾക്കുശേഷം പിശാച് വീണ്ടും വന്നപ്പോൾ, ജാക്ക് അവനെ ഒരു മരത്തിൽ കയറ്റി. എന്നിട്ട് മരത്തിന്റെ തടിയിൽ കുരിശിന്റെ അടയാളം വരച്ചു. ഇതോടെ പിശാചിന് താഴെ ഇറങ്ങാൻ പറ്റാതായി. തന്റെ മരണം കഴിഞ്ഞാൽ തന്റെ ആത്മാവിനെ നരകത്തിലേക്ക് കൊണ്ടുപോകില്ല എന്ന് പിശാചിനെക്കൊണ്ട് സത്യം ചെയ്യിച്ച ശേഷമാണ് ജാക്ക് അവനെ ഇറങ്ങാൻ അനുവദിച്ചത്.
കാലങ്ങൾ കടന്നുപോയി, ജാക്ക് മരിച്ചു. മദ്യപാനിയും പിശുക്കനുമായ ജാക്കിന് സ്വർഗ്ഗത്തിൽ പ്രവേശനം ലഭിച്ചില്ല. നേരെ നരകത്തിൽ ചെന്നപ്പോൾ, പണ്ട് ചെയ്ത സത്യം ഓർമ്മിപ്പിച്ച് പിശാച് അവനെ അവിടുന്നും പുറത്താക്കി. എങ്ങോട്ട് പോകണമെന്നറിയാതെ ഇരുട്ടിൽ നിന്ന ജാക്കിന്, വഴി കാണാനായി പിശാച് കത്തുന്ന ഒരു കൽക്കരി കഷ്ണം എറിഞ്ഞുകൊടുത്തു.
ജാക്കിന്റെ കയ്യിൽ ഒരു മുള്ളങ്കി ഉണ്ടായിരുന്നു. അവൻ ആ മുള്ളങ്കി ഉള്ളിൽ നിന്ന് കൊത്തിയെടുത്ത് മാറ്റി, അതിനുള്ളിൽ കത്തുന്ന കൽക്കരി വെച്ച് ഒരു വിളക്കുണ്ടാക്കി. അന്നുമുതൽ ജാക്കിന്റെ ആത്മാവ് ആ വിളക്കുമായി ഭൂമിയിൽ അലഞ്ഞുതിരിയുന്നു എന്നാണ് ഐറിഷ് വിശ്വസിക്കുന്നത്. ഈ രൂപത്തെയാണ് ആളുകൾ "ജാക്ക് ഓഫ് ദി ലാന്റേൺ" അഥവാ "ജാക്ക്-ഓ-ലാന്റേൺ" എന്ന് വിളിച്ചത്.
എങ്ങനെയാണ് ഇത് മത്തങ്ങയിലേക്ക് മാറിയത്?
അയർലൻഡിലും സ്കോട്ട്ലൻഡിലും ആളുകൾ ഭയാനകമായ മുഖങ്ങൾ മുള്ളങ്കിയിലും ഉരുളക്കിഴങ്ങിലും കൊത്തിവെച്ച് തങ്ങളുടെ ജനലരികിൽ വെക്കാൻ തുടങ്ങി. സ്റ്റിഞ്ചി ജാക്കിനെപ്പോലെയുള്ള ദുരാത്മാക്കളെ തുരത്താനാണ് അവർ ഇങ്ങനെ ചെയ്തിരുന്നത്.
പിൽക്കാലത്ത് ഐറിഷ് വംശജർ അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ, അവിടെ മുള്ളങ്കിയേക്കാൾ സുലഭമായി ലഭിച്ചിരുന്നത് മത്തങ്ങ ആയിരുന്നു. മത്തങ്ങ വലുതായതുകൊണ്ടും കൊത്തിയെടുക്കാൻ എളുപ്പമായതുകൊണ്ടും അവർ മത്തങ്ങ ഉപയോഗിച്ച് വിളക്കുകൾ ഉണ്ടാക്കാൻ തുടങ്ങി. അങ്ങനെയാണ് ഇന്നത്തെ ഹാലോവീൻ ആഘോഷങ്ങളുടെ പ്രധാന ഭാഗമായി മത്തങ്ങ മാറിയത്.