അഹമ്മദാബാദ്: 2016-ൽ ഗുജറാത്തിലെ ഉനയിൽ ദളിത് യുവാക്കളെ ഗോരക്ഷാ പ്രവർത്തകർ പരസ്യമായി മർദ്ദിച്ച കേസിൽ അഞ്ചു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എന്നാൽ, കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നാല് പോലീസുകാർ ഉൾപ്പെടെ 35 പേരെ വെരാവൽ അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കി. പ്രതികൾക്കുള്ള ശിക്ഷാവിധി ചൊവ്വാഴ്ച പ്രസ്താവിക്കും.(Una Dalit Flogging Case, Court Convicts 5, Acquits 38)
രമേഷ് ജാദവ്, രാകേഷ് ജോഷി, നാഗ്ജിഭായ് വാണിയ, പ്രമോദ് ഗിരി ഗോസ്വാമി, ബലവന്ത് ഗിരി ഗോസ്വാമി എന്നിവരെയാണ് പട്ടികജാതി വിരുദ്ധ അതിക്രമം തടയൽ നിയമപ്രകാരം കുറ്റക്കാരായി കണ്ടെത്തിയത്. നാല് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 35 പേർക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. വിചാരണാകാലയളവിൽ രണ്ട് പ്രതികൾ മരണപ്പെട്ടിരുന്നു.
പ്രതികളുടെ കൃത്യത്തിലുള്ള പങ്ക് വ്യക്തമായി തെളിയിക്കാൻ സാധിക്കാത്തതാണ് ഭൂരിഭാഗം പേരെയും വെറുതെ വിടാൻ കാരണമായത്. വിധിയിൽ കടുത്ത അസംതൃപ്തിയാണ് ആക്രമണത്തിനിരയായ വഷറാം സർവയ രേഖപ്പെടുത്തിയത്. 2016 ജൂലൈ 11-നാണ് ഗിർ സോമനാഥ് ജില്ലയിലെ ഉനയിൽ അതിക്രൂരമായ സംഭവം അരങ്ങേറിയത്. ചത്ത പശുവിന്റെ തോലുരിക്കുകയായിരുന്ന ദളിത് യുവാക്കളെ പശുവിനെ കൊന്നെന്നാരോപിച്ച് ഗോരക്ഷാ പ്രവർത്തകർ തടഞ്ഞുവെച്ചു.

