താമരശ്ശേരി: പണം നൽകിയിട്ടും എംഡിഎംഎ (MDMA) ലഭിക്കാത്തതിനെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും തടവിലാക്കുകയും ചെയ്ത ലഹരിസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു (Thamarassery MDMA Case). ബെംഗളൂരുവിൽ ട്രാവൽ ഏജൻസി നടത്തുന്ന വയനാട് സ്വദേശി സാജിദിനെയാണ് പോലീസ് സംഘം മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലഹരി സംഘത്തിൽപ്പെട്ട രണ്ട് പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
താമരശ്ശേരി കളരാന്തിരി സ്വദേശി ശിഹാബ് (40 – അപ്പാപ്പൻ), വാവാട് സ്വദേശി അശ്വിൻ (25 – ആക്കോയി) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മെയ് 3-ന് എംഡിഎംഎ വാങ്ങുന്നതിനായി പ്രതികൾ ബെംഗളൂരുവിലെത്തി. സാജിദ് മുഖേന ലഹരി ഇടപാടുകാരെ ബന്ധപ്പെടുകയും 1.5 ലക്ഷം രൂപ കൈമാറുകയും ചെയ്തു. എന്നാൽ പണം നൽകിയിട്ടും ലഹരിമരുന്ന് ലഭിക്കാത്തതിനെത്തുടർന്ന് സംഘം സാജിദിനെ തന്ത്രപൂർവ്വം കോഴിക്കോട്ടേക്ക് കൊണ്ടുവരികയും ഓമശ്ശേരിയിലെ വാടകവീട്ടിൽ പൂട്ടിയിടുകയുമായിരുന്നു.
പണമോ ലഹരിമരുന്നോ തിരികെ നൽകണമെന്നാവശ്യപ്പെട്ട് സാജിദിനെ ഇവർ ക്രൂരമായി മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈ.എസ്.പി കെ. വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് സംഘവും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
അറസ്റ്റിലായ ശിഹാബ് നേരത്തെയും എംഡിഎംഎ കേസിൽ പ്രതിയാണ്. പ്രതികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഘം സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Story Summary: Thamarassery police arrested two members of a drug gang for kidnapping and detaining a Wayanad native, Sajid, who runs a travel agency in Bengaluru. The gang had reportedly paid ₹1.5 lakh for MDMA through Sajid’s contacts, but when the drugs were not delivered, they lured him to Kozhikode and kept him captive in a rented house at Omassery. Following a tip-off, the police rescued Sajid, who had been tortured and starved. The arrested individuals, Shihab and Ashwin, face charges of attempted murder and kidnapping.

