ചിക്കാഗോ: കാമുകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന കേസിൽ അറസ്റ്റിലായ ജെന്ന സ്ട്രൂബിൾ (30) എന്ന യുവതിയെ കോടതിയിൽ ഹാജരാക്കി. തന്റെ കുട്ടികളുടെ പിതാവായ ജേക്ക് ലാംബർട്ടിനെയും ഇയാളുടെ മാതാപിതാക്കളെയും അതിക്രൂരമായാണ് ജെന്ന കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.(Shocking revelations in Chicago murder case, Woman shoots partner, parents)
മാർച്ച് 22-ന് രാത്രിയാണ് നാടിനെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. പ്രോസിക്യൂഷൻ റിപ്പോർട്ട് പ്രകാരം രാത്രി 11 മണിയോടെ ജെന്ന ലാംബർട്ടിനെ കാറിൽ കൂട്ടിക്കൊണ്ടുപോയി. ഒരു പ്രകൃതി സംരക്ഷണ കേന്ദ്രത്തിന് സമീപം കാർ നിർത്തിയ ശേഷം താൻ ലാംബർട്ടിന് ഒരു ‘സർപ്രൈസ്’ കരുതിയിട്ടുണ്ടെന്നും നടുവേദനയ്ക്ക് മസാജ് ചെയ്തു തരാമെന്നും വിശ്വസിപ്പിച്ചു.
സീറ്റ് പിന്നിലേക്ക് ചായ്ച്ചിട്ട് ലാംബർട്ടിനെ കിടത്തിയ ശേഷം ജെന്ന 20 മിനിറ്റോളം മസാജ് നൽകി. ഇതിനിടെ സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്ന തോക്കെടുത്തു. ഏതാണ്ട് എട്ട് മിനിറ്റോളം തോക്ക് ലാംബർട്ടിന്റെ തലയ്ക്ക് പിന്നിൽ വെച്ചുകൊണ്ട് മസാജ് തുടർന്ന ജെന്ന, പിന്നീട് വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം കാറിന് പുറത്തിറങ്ങി ജെന്ന ശാന്തമായി സിഗരറ്റ് വലിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു.
കാമുകനെ കൊന്നതിന് ശേഷം ലാംബർട്ടിന്റെ കൈവശമുണ്ടായിരുന്ന താക്കോലുമായി ജെന്ന അയാളുടെ മാതാപിതാക്കളുടെ വീട്ടിലെത്തി. വീട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ പുറത്തുവന്ന ലാംബർട്ടിന്റെ വളർത്തച്ഛൻ പാട്രിക് ഫോർഡിനെ ജെന്ന വെടിവച്ചു കൊന്നു. ഭർത്താവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ലാംബർട്ടിന്റെ മാതാവ് സ്റ്റേസി ഫോർഡിനെയും ജെന്ന വെടിവെച്ചിട്ടു. വിചാരണ തീരുന്നത് വരെ പ്രതിയെ ജയിലിൽ തന്നെ പാർപ്പിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

