അക്കോള: പോലീസ് കസ്റ്റഡിയിലുള്ള യുവതിയോട് മകളെ ലൈംഗിക ആവശ്യങ്ങൾക്കായി എത്തിച്ചു നൽകാൻ ആവശ്യപ്പെട്ട 54-കാരനായ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ അക്കോള ജില്ലയിലാണ് നാടിനെ നാടുക്കിയ സംഭവം നടന്നത്. സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജേഷ് ജാദവിനെതിരെയാണ് നടപടി.(Maharashtra policeman suspended for asking prisoner to bring daughter)
80 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഒരു യുവതി സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു. ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന രാജേഷ് ജാദവ് തന്റെ പദവി ദുരുപയോഗം ചെയ്ത് യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചു. പണം വാഗ്ദാനം ചെയ്ത ഇയാൾ, പകരമായി യുവതിയുടെ മകളെ ലൈംഗിക ആവശ്യങ്ങൾക്കായി തന്റെ അടുത്തേക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെത്തുടർന്ന് യുവതി മുതിർന്ന ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നൽകി. ഇതിന് പിന്നാലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എ.എസ്.ഐയെ ചോദ്യം ചെയ്യുന്നതിന്റെയും ശാസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പരാതി ഗൗരവകരമായി എടുത്ത ജില്ലാ പോലീസ് സൂപ്രണ്ട്, ചൊവ്വാഴ്ച തന്നെ എ.എസ്.ഐ രാജേഷ് ജാദവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

