ഡെർബി: ബ്രിട്ടനിലെ ഡെർബി നഗരത്തിൽ കാൽനടയാത്രക്കാർക്ക് നേരെ മനഃപൂർവ്വം കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ ഇന്ത്യക്കാരനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി. ഡെർബിയിലെ അൽവാസ്റ്റണിൽ താമസിക്കുന്ന സന്ധു പൊന്നച്ചൻ എന്നയാൾക്കെതിരെയാണ് ബ്രിട്ടീഷ് പോലീസ് നടപടി സ്വീകരിച്ചത്. ശനിയാഴ്ച രാത്രി ഫ്രിറാർ ഗേറ്റിലെ പബ്ബിന് പുറത്തായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.(Indian man drives car into pedestrians in Britain, Case including attempted murder)
പ്രതിക്കെതിരെ അതീവ ഗുരുതരമായ വകുപ്പുകളാണ് ഡെർബിഷെയർ പോലീസ് ചുമത്തിയിരിക്കുന്നത്. ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആറുപേരെ മാരകമായി പരിക്കേൽപ്പിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം വാഹനമോടിച്ചു. മൂർച്ചയുള്ള ആയുധം നിയമവിരുദ്ധമായി കൈവശം വെച്ചു.
ശനിയാഴ്ച രാത്രി പബ്ബിന് പുറത്തുകൂടെ നടന്നുപോവുകയായിരുന്ന ഏഴ് പേർക്ക് നേരെ സന്ധു തന്റെ കാർ ഓടിച്ചു കയറ്റുകയായിരുന്നു. 36-നും 52-നും ഇടയിൽ പ്രായമുള്ള നാല് പുരുഷന്മാർക്കും മൂന്ന് സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ മൂന്ന് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. അപകടം നടന്ന് ഏഴ് മിനിറ്റിനുള്ളിൽ തന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

