ന്യൂഡൽഹി: ഗ്രേറ്റർ കൈലാഷിൽ നടന്ന വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പിൽ നിന്ന് താൻ രക്ഷപ്പെട്ടത് ദൈവകൃപ കൊണ്ടാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ബുധനാഴ്ച രാത്രി പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി വധശ്രമമുണ്ടായത്. സംഭവത്തിന് ശേഷമുള്ള തന്റെ ആദ്യ പൊതു പ്രതികരണത്തിലാണ് അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചത്.(God saved me, Farooq Abdullah’s first reaction after assassination attempt)
“ദൈവം എന്നെ രക്ഷിച്ചു,” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെടിയൊച്ച കേട്ടെങ്കിലും പരിക്കുകളില്ലാതെ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കമൽ സിംഗ് ജാംവാൾ എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഫാറൂഖ് അബ്ദുള്ള വേദിയിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ ഇയാൾ പിന്നിൽ നിന്ന് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്‌പ്പെടുത്തി.
ജമ്മു സ്വദേശിയായ കമൽ സിംഗ് ജാംവാളിന് ഫാറൂഖ് അബ്ദുള്ളയോട് വ്യക്തിപരമായ വിരോധം ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. അതീവ സുരക്ഷയുള്ള ഒരു രാഷ്ട്രീയ നേതാവിന് നേരെ ഡൽഹിയിലെ പ്രമുഖമായ ഒരിടത്ത് വധശ്രമമുണ്ടായത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
സംഭവത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫാറൂഖ് അബ്ദുള്ളയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ഉത്തരവിട്ടു. കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. നിലവിൽ നാഷണൽ കോൺഫറൻസ് പ്രസിഡന്റായി തുടരുന്ന ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ ഈ ആക്രമണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

