ബെല്ലാരി: കർണാടകയിലെ ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഹേമന്ത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ആക്രമണത്തിൽ എട്ട് വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സ്കൂൾ ഹോസ്റ്റലിനെ യുദ്ധക്കളമാക്കിയ സംഭവം അരങ്ങേറിയത്.(Class 9 student killed in attack by classmate in Karnataka, 9 injured)
ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ സഹപാഠി ഇരുമ്പുവടി കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ നിസ്സാര തർക്കമാണ് ഇത്രയും വലിയ അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ബഹളം കേട്ട് തടയാൻ എത്തിയ ഹോസ്റ്റൽ വാർഡനെയും വിദ്യാർത്ഥി ഇരുമ്പുവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു. കൃത്യത്തിന് ശേഷം സ്കൂളിൽ നിന്നും ഓടി രക്ഷപ്പെട്ട വിദ്യാർത്ഥിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

