
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സര്ക്കാ ർ/എയ്ഡഡ് കോളേജുകൾ/ യൂണിവേഴ്‌സിറ്റി കോളേജുകളിൽ ബിരുദാനന്തര ബിരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം പൂര്ത്തി യായവരുമായ, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) UGC/CSIR - NET പരീക്ഷാ പരിശീലനം വകുപ്പ് തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങൾ മുഖാന്തിരം നൽകി വരുന്നു.
UGC/CSIR - NET പരിശീലനം സംഘടിപ്പിക്കുന്നതിന് താല്പര്യമുള്ള കോളേജുകൾക്ക് അപേക്ഷിക്കാം. സർക്കാർ/എയ്ഡഡ് കോളേജുകൾ/യൂണിവേഴ്‌സിറ്റികൾ മുഖേന പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഈ പദ്ധതിയിൻ കീഴിൽ സാമ്പത്തിക സഹായം അനുവദിക്കുന്നു. 50-ൽ കുറയാതെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള ഒരു ബാച്ചിന് 12 ദിവസങ്ങളിലായി 72 മണിക്കൂർ പരിശീലനം നൽകുന്നതിന് ഫാക്കൽറ്റി പ്രതിഫലം 72000 രൂപയും ഭരണച്ചെലവ് ഇനത്തിൽ ഒരു ബാച്ചിന് 8000 രൂപയും ചേർത്ത് ആകെ 80000 രൂപ വകുപ്പ്, പദ്ധതി നടപ്പിലാക്കുന്ന കോളേജുകൾക്ക് അനുവദിക്കുന്നതാണ്. 2025-26 സാമ്പത്തിക വർഷം പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ/ എയ്ഡഡ് കോളേജുകൾ/ യൂണിവേഴ്‌സിറ്റികൾ എന്നിവരെയാണ് തെരഞ്ഞെടുക്കുന്നത്. സ്ഥാപനത്തെ തെരഞ്ഞെടുത്തതിനുശേഷം പരിശീലന പരിപാടിയിൽ നിന്നും പിന്മാറുവാൻ പാടില്ല. പരിശീലന പദ്ധതിയുടെ സഹായം റീഇംബേഴ്സ്മെന്റായാണ് അനുവദിക്കുന്നത്.
ന്യൂനപക്ഷ വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പിൽ, സംഘാടകരുടെ കോളേജിൽ നിന്നും 50 ശതമാനം വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാം. ശേഷിക്കുന്ന 50 ശതമാനം വിദ്യാർത്ഥികളെ സമീപസ്ഥമുള്ള മറ്റു സർക്കാർ/ എയ്ഡഡ് കോളേജുകൾ/ യൂണിവേഴ്‌സിറ്റികളിൽ നിന്നും തിരഞ്ഞെടുക്കണം. ബിരുദാനന്തര ബിരുദത്തിന് ഒന്നാം വർഷ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരെയും ബിരുദാനന്തര ബിരുദം 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവരെയും പരിശീലനത്തിൽ പങ്കെടുപ്പിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ മുൻഗണന നൽകണം. അപേക്ഷാ ഫാറത്തിന്റെ മാതൃക www.minoritywelfare.kerala.gov.in വെബ് സൈറ്റിൽ ലഭിക്കും. ജൂലൈ 15നകം സമർപ്പിക്കണം. വിലാസം: ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-33. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090.