
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വർധിച്ചു. ചരിത്രത്തില്‍ ആദ്യമായി പവന് ഇന്ന് 58000 രൂപയിലേറെ വിലയായിരിക്കുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58240 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 7280 രൂപയാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില അതിവേഗം കുതിക്കുകയാണ്. അതിന്റെ പ്രതിഫലനമെന്ന തരത്തിലാണ് ഇന്ത്യന്‍ വിപണിയിലും സ്വര്‍ണം പിടിവിട്ട് കുതിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് റെക്കോഡ് നിലവാരമായ 2,700 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇന്ത്യന്‍ വിപണിയിലും ഇതിന്റെ ചുവട് പിടിച്ചാണ് വില കുതിച്ചത്. ഉത്സവ-വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. ഈ ആഴ്ച മാത്രം ഒരു പവന് കൂടിയത് 1280 രൂപയാണ്. 10 ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ചേര്‍ത്ത് 65,000 രൂപയിലേറെ ചെലവാകും.