
യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഇന്ത്യയിൽ റീട്ടെയിൽ പേയ്‌മെൻ്റുകളും സെറ്റിൽമെൻ്റ് സംവിധാനങ്ങളും നടത്തുന്ന പൊതുമേഖലാ കമ്പനിയായ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) ഇടപാട് ഐഡികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപ്പിച്ചിരിക്കുകയാണ്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 'യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍' (UPI Transaction ID) സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഐഡികളില്‍ നിന്നുള്ള ഇടപാടുകള്‍ റദ്ദാക്കുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ പുതിയ നിയന്ത്രണൾ പ്രകാരം, ഒരു UPI ട്രാന്‍സാക്ഷന്‍ ഐഡിയിൽ #, @, $, അല്ലെങ്കിൽ * പോലുള്ള സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ അടങ്ങിയിട്ടുണ്ടെങ്കിൽ, അത് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്.
സ്പെഷ്യല്‍ ക്യാരക്ടറുകളുള്ള ഐഡിയില്‍ നിന്നുള്ള പണമിടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ റിജക്ട് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. എന്നാൽ മാറ്റങ്ങൾ വരുത്തേണ്ടത് യുപിഐ ട്രാന്‍സാക്ഷന്‍ ഐ.ഡിയിലാണ് യുപിഐ ഐ.ഡിയിലല്ല. ഓരോ പണമിടപാടിനും യുപിഐ സേവന ദാതാക്കള്‍ പുറപ്പെടുവിക്കുന്ന ഐ.ഡിയിലാണ് മാറ്റം വരുന്നത്. യുപിഐ ആപ്പുകള്‍ അപഡേറ്റ് ചെയ്യുന്നതിലൂടെ സേവങ്ങൾ പഴയതു പോലെ ചെയുവാൻ സാധിക്കുന്നതാണ്. മിക്ക പേയ്മെന്റ് സേവന ദാതാക്കളും പുതിയ വ്യവസ്ഥ പാലിച്ചിട്ടുണ്ടെങ്കിലും ചിലത് ഇപ്പോഴും പാലിക്കാത്തതിനാല്‍ അടുത്ത മാസം മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കാനാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. ഇതിനായി യുപിഐ ആപ്പുകൾ തുറന്ന് ഐഡി ഏതാണ് എന്ന് പരിശോദിക്കേണ്ടതാണ്. തുടർന്ന് ആപ്പിലെ സെറ്റിങ്സിൽ ഇങ്ങനെ തിരുത്താനുള്ള നിർദേശം വന്നിട്ടുണ്ടോ എന്ന് നോകേണ്ടതാണ്. നോട്ടിഫിക്കേഷൻ വന്നിട്ടില്ലെങ്കിലോ സംശയമുണ്ടെങ്കിലോ ആപ്പ് കസ്റ്റമർ കെയറുമായി ബന്ധപ്പെടുക.
എൻപിസിഐ പുറത്തുവിട്ട ഡാറ്റ പ്രകാരം, ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങളിലൊന്നായി യുപിഐ മാറിയിരിക്കുന്നു. 16.73 ബില്യൺ യുപിഐ ട്രാൻസാക്ഷനുകളാണ് രാജ്യത്ത് 2024 ഡിസംബറിൽ നടന്നത്. യുപിഐ ഇടപാടുകളുടെ എണ്ണം 2018-ൽ 375 കോടിയിൽ നിന്ന് 2024 ആയപ്പോഴേക്കും 17,221 കോടിയായി ഉയർന്നു, അതേസമയം ഇടപാടുകളുടെ ആകെ മൂല്യം 2018 ൽ ₹5.86 ലക്ഷം കോടിയായിരുന്നത് 2024 ൽ ₹246.83 ലക്ഷം കോടിയായി ഉയർന്നു.